തിരുവനന്തപുരം : പോത്തൻകോട് തങ്കമണിയുടെ കൊലപാതകത്തിൽ പ്രതി പോലീസ് പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും തങ്കമണിയുടെ നഷ്ടപ്പെട്ട കമ്മൽ കണ്ടെത്തിയിട്ടുണ്ട്. മോഷണ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. തൗഫീഖിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. നിരവധി കേസുകളിലെ പ്രതിയാണ് തങ്കമണിയെ കൊലപ്പെടുത്തിയ തൗഫീഖ്. മോഷണ വാഹനത്തിലായിരുന്നു തൗഫീഖ് പോത്തൻകോടെത്തിയത്. തമ്പാനൂർ സ്റ്റേഷനിൽ ഈ വാഹനം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
ഇന്ന് പുലർച്ചെയാണ് പോത്തൻകോട് ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയായ തങ്കണമണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. വീടിന് സമീപത്തുള്ള പുരയിടത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഇവരുടെ മുഖത്ത് മുറിപ്പാടുണ്ടായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിൽ കീറലുകളുമുണ്ടായിരുന്നു. തങ്കമണി ഒറ്റയ്ക്കാണ് താമസമെങ്കിലും പരിസരത്ത് സഹോദരങ്ങളും താമസമുണ്ട്. ഇവരിൽ ഒരാളുടെ വീടിന് പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ പൂജ ചെയ്യാൻ പൂപറിക്കാൻ പോകുന്ന ശീലമുണ്ടായിരുന്ന തങ്കമണിയെ ഇതിനിടെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. പൂക്കളും ചെരിപ്പുമെല്ലാം മൃതദേഹത്തിന് സമീപത്ത് ചിതറിക്കിടന്നിരുന്നു. തങ്കമണി ധരിച്ച കമ്മലും നഷ്ടപ്പെട്ടിരുന്നു.