കീവ്: റഷ്യ– യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയ ചെയ്ത് ടെസ്‌ല മേധാവി ഇലോൺ മസ്ക്കിനെതിരെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത്. സെലൻസ്കിക്ക് പുറമെ, ലിത്വേനിയ പ്രസിഡന്റ് ഗീതനസ് നൗസേദയും മസ്കിനെതിരെ രംഗത്തെത്തി. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രൈനിലെ നാല് പ്രദേശങ്ങളിൽ യുഎൻ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്തണമെന്നും ഫലം യുക്രൈന് അനുകൂലമെങ്കിൽ റഷ്യ പിന്മാറണമെന്നും മസ്ക് പറഞ്ഞതാണ് ഇവരെ ചൊടിപ്പിച്ചത്.
2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയ റഷ്യയുടെ ഭാഗമാണെന്ന് യുക്രൈൻ ഔദ്യോഗികമായി അംഗീകരിക്കണം. ക്രൈമിയയിലേക്കുള്ള ജലവിതരണം യുക്രൈൻ ഉറപ്പാക്കണമെന്നും വിഷയത്തിൽ യുക്രൈൻ നിഷ്പക്ഷത പാലിക്കണമെന്നും മസ്ക് ആവശ്യപ്പെട്ടു. തന്റെ ആശയങ്ങൾ വോട്ടെടുപ്പായിട്ടാണ് മസ്ക് നിർദേശിച്ചത്. തന്റെ ആശയത്തോട് ‘അതെ’ അല്ലെങ്കിൽ ‘അല്ല’ എന്ന് വോട്ട് രേഖപ്പെടുത്താനും മസ്ക് ട്വിറ്ററിൽ ആവശ്യപ്പെട്ടു. ഡോൺബാസിലും ക്രൈമിയയിലും താമസിക്കുന്നവർക്ക് റഷ്യയുടെ ഭാഗമാകാനാണോ യുക്രൈനിന്റെ ഭാഗമാകാനാണോ താൽപര്യമെന്ന് പരിശോധിക്കണമെന്നും അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്നും മസ്ക് ട്വീറ്റ് ചെയ്തു.
എന്നാൽ മസ്കിന്റെ നിർദേശത്തിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. യുക്രൈനെ പിന്തുണക്കുന്ന മസ്കിനെയാണോ റഷ്യയെ പിന്തുണക്കുന്ന മസ്കിനെയാണോ കൂടുതൽ ഇഷ്ടമമെന്ന് അഭിപ്രായം രേഖപ്പെടുത്താനായിരുന്നു യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ പരിഹാസം. ലിത്വേനിയൻ പ്രസിഡന്റ് ഗീതനസ് നൗസേദയും മസ്ക്കിനു മറുപടിയായി രംഗത്തെത്തി.
ആരെങ്കിലും നിങ്ങളുടെ ടെസ്‌ലയുടെ ചക്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചാൽ ആരു വോട്ട് ചെയ്താലും അവർ കാറിന്റെയും ചക്രങ്ങളുടെയും ഉടമയാകില്ലെന്നും നൗസേദ ട്വീറ്റ് ചെയ്തു. വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്ന് മസ്ക് പ്രതികരിച്ചു. തന്റെ അഭിപ്രായം യുക്രൈൻ ജനതക്കുവേണ്ടിയാണ്. യുദ്ധത്തിൽ ഒരിക്കലും യുക്രൈൻ ജയിക്കില്ല. ലക്ഷക്കണക്കിന് ആളുകൾ അനാവശ്യമായി മരിക്കാൻ സാധ്യതയുണ്ട്. യുക്രൈനിലെ ജനങ്ങളെക്കുറിച്ച് ബോധമുണ്ടെങ്കിൽ സമാധാനം ഉറപ്പാക്കണമെന്നും മസ്ക് ട്വീറ്റ് ചെയ്തു.