ന്യൂഡൽഹി : ദലിത് ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പുതിയ സമിതി രൂപീകരിക്കുന്നതു കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. ഭരണഘടനയിൽ പട്ടികജാതികളെ സംബന്ധിച്ച 341–ാം വകുപ്പു പ്രകാരം, 1950ൽ പുറത്തിറക്കിയ ഉത്തരവും തുടർന്നുള്ള ഭേദഗതികളുമനുസരിച്ചു ഹിന്ദുക്കളിലും ബുദ്ധമതക്കാരിലും സിഖുകാരിലും മാത്രമാണ് പട്ടികജാതിക്കാരുള്ളതായി അംഗീകരിച്ചിട്ടുള്ളൂ. ക്രിസ്ത്യൻ, മുസ്‍ലിം മതവിഭാഗങ്ങളിലേക്കു പരിവർത്തനം ചെയ്യുന്നതോടെ പട്ടികജാതി അല്ലാതാകും. സംവരണം ഉൾപ്പെടെ ആനുകൂല്യങ്ങൾ നഷ്ടമാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതും നേരത്തെയുള്ള കോടതി ഉത്തരവുകളും പരിഗണിച്ചാണു കേന്ദ്ര നീക്കം. ദീർഘനാളായി വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
പട്ടികജാതിയായി നിലനിൽക്കാൻ മതം ഏതെന്നതു ബാധകമാക്കരുതെന്നാവശ്യപ്പെട്ട് നാഷനൽ കൗൺസിൽ ഫോർ ദലിത് ക്രിസ്ത്യൻസ് നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നോട്ടിസയച്ചിരുന്നു. ഇതിനിടെ, മറ്റു മതവിഭാഗങ്ങളിലേക്കു പരിവർത്തനം ചെയ്യപ്പെട്ട പട്ടികജാതികൾക്കു വേണ്ടി പ്രത്യേക കമ്മിഷൻ രൂപീകരിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കിടയിലെ ഒരു വിഭാഗത്തെയും ഒപ്പം നിർത്താൻ കഴിഞ്ഞേക്കുമെന്ന രാഷ്ട്രീയ കണക്കുകൂട്ടലാണ് ഇതിനു പിന്നില്ലെന്നു വിലയിരുത്തലുണ്ട്.