ലഖ്നോ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രക്കടലാസിൽ ചിക്കൻ വിഭവം പൊതിഞ്ഞു നൽകിയതിന് യു.പിയിൽ ഹോട്ടലുടമയെ പൊലീസ് അറസ്റ്റു ചെയ്തു. ഹിന്ദു ജാഗരൺ മഞ്ചിന്‍റെ പരാതിയെ തുടർന്നാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി പൊലീസ് ഹോട്ടലുടമയായ മുഹമ്മദ് താലിബിനെ അറസ്റ്റ് ചെയ്തത്. സംഭാൽ ജില്ലയിൽ ഞായറാഴ്ചയായിരുന്നു സംഭവം.
ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തിൽ മാംസവിഭവം പൊതിഞ്ഞത് മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ഹിന്ദു ജാഗരൺ മഞ്ച് ജില്ല പ്രസിഡന്‍റ് കൈലാഷ് ഗുപ്തയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുക, മതവികാരം വ്രണപ്പെടുത്തുക എന്നീ കുറ്റങ്ങൾ ചുമത്തി. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചെന്ന് കാട്ടി വധശ്രമക്കുറ്റവും ചുമത്തിയിട്ടുണ്ട്.
ഹോട്ടലിൽ വർഷങ്ങളായി പത്രക്കടലാസിൽ വിഭവങ്ങൾ പൊതിഞ്ഞുനൽകാറുണ്ടെന്ന് മുഹമ്മദ് താലിബിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു. പൊതിയുന്നതിന് മുമ്പ് പത്രത്തിലെ തലക്കെട്ടോ ചിത്രങ്ങളോ നോക്കാൻ ആർക്കാണ് കഴിയുകയെന്ന് ഇവർ ചോദിക്കുന്നു. ഇങ്ങനെയൊരു കുറ്റത്തിന് ആരെയെങ്കിലും ജയിലിൽ അടക്കാമോ. താലിബ് ഒരാളെ പോലും ദ്രോഹിക്കാത്തയാളാണ് -ബന്ധുക്കൾ പറയുന്നു.
ആക്രിക്കടയിൽ നിന്നാണ് ഹോട്ടലിൽ പൊതിയാനുള്ള പത്രക്കെട്ട് കൊണ്ടുവരാറെന്ന് മുഹമ്മദ് താലിബിന്‍റെ മെഹക് റസ്റ്ററന്‍റിലെ തൊഴിലാളി പറഞ്ഞു. മറ്റേത് കടക്കാരും ചെയ്യുന്ന പോലെ ഈ കടലാസിലാണ് വിഭവങ്ങൾ പാഴ്സൽ വാങ്ങുന്നവർക്ക് പൊതിഞ്ഞു നൽകാറ്. ആ പത്രത്തിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രമുണ്ടായിരുന്നെന്ന് പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുക ഞങ്ങളുടെ ലക്ഷ്യമേ അല്ല -ഹോട്ടൽ തൊഴിലാളി പറഞ്ഞു.
നവരാത്രി സമയത്ത് അച്ചടിച്ച, ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളോട് കൂടിയ പത്രങ്ങൾ ഹോട്ടലിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പരാതി ലഭിച്ചയുടൻ ഹോട്ടലിൽ പരിശോധന നടത്തി ഇവ പിടിച്ചെടുത്തതായി പൊലീസ് പറയുന്നു. ഗൗരവകരമായ വിഷയമായതിനാൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും, പ്രത്യേക വിഭാഗത്തിന്‍റെ മതവികാരത്തെ വ്രണപ്പെടുത്തിയതിന് ഹോട്ടലുടമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു -പൊലീസ് പറഞ്ഞു.