കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ പരാമർശങ്ങൾ നേതാക്കളെ പ്രതിരോധത്തിലാക്കുന്നെന്ന് വിമർശനം. മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കൾ ഷാജിക്കെതിരെ വിമർശനം ഉന്നയിച്ചത്. കെ എം ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികളിൽ പ്രസംഗിക്കുന്നുവെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുയര്‍ന്നു.
അതേസമയം, കെഎം ഷാജി വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, വാര്‍ത്തകളെ ലീഗ് നേതൃത്വം തള്ളി. മാധ്യമങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ലീഗ് പ്രവർത്തക സമിതിയില്‍ വിമർശനം ഉയർന്നില്ലെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവവറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ലീഗിൽ അച്ചടക്ക സമിതി വരുമെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ഒരു ചെയർമാനും നാലു അംഗങ്ങളും ഉൾപ്പെടെ തെരഞ്ഞെടുക്കും. പാർട്ടിക്കെതിരെ പുറത്ത് പരാമർശം നടത്തിയാൽ നടപടിവരും. മുന്നണി മാറാൻ ഒരു സാഹചര്യവും നിലവിലെന്നും ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട് കെ എം ഷാജി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി അടുത്ത മാസം പത്തിലേക്ക് മാറ്റി. പണം തെരെഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. പ്രതിഭാഗം ഹാജരാക്കിയ രേഖകൾ പരിശോധിക്കാന്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ വിജിലന്‍സ് പിടിച്ചെടുത്ത നാല്‍പ്പത്തേഴ് ലക്ഷത്തി മുപ്പത്തയ്യായിരത്തി അഞ്ഞൂറ് രൂപ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കെ.എം ഷാജി കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനായി ഷാജി കോടതിയില്‍ രേഖകള്‍ ഹാജരാക്കി.രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഷാജിയുടെ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് വിജിലന്‍സ് തീരുമാനം. 2013ല്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കെ എം ഷാജിക്കെതിരായ കേസ്.