കോഴിക്കോട്: തെരെഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മുസ്ളീം ലീഗില്‍ നടപടി. സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. താനൂര്‍ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടിയുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ ചില അംഗങ്ങളെ മാറ്റും. കൊല്ലം ജില്ല പ്രസിഡന്‍റിനെയും ജനറല്‍ സെക്രട്ടിയെയും താക്കിത് ചെയ്യും. എറണാകുളം ജില്ല പ്രസിഡന്‍റിനെ നടപടിയുടെ ഭാഗമായി ശാസിക്കാനും തീരുമാനമായി. എറണാകുളത്ത് വി എ ഗഫൂറിനെ വര്‍ക്കിങ്ങ് പ്രസിഡന്‍റാക്കാനും തീരുമാനമായി.
കോഴിക്കോട് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് നടപടികള്‍ പ്രഖ്യാപിച്ചത്. സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം നടപടിയില്‍ തീരുമാനം എടുത്തിരുന്നു. നിയമസഭ തെരെഞ്ഞെടുപ്പില്‍ നാല് സിറ്റിങ്ങ് സീറ്റുകള്‍ നഷ്ടപ്പെട്ടത് പ്രദേശിക ഘടകങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരുന്നതാണെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. മൊത്തം പന്ത്രണ്ടിടത്തെ തോല്‍വിയാണ് പ്രത്യേക കമ്മിറ്റി അന്വേഷിച്ചത്.