ലഖ്‌നൗ: ഉത്തർപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ മുസ്ലിം ലീഗിന് ഉജ്ജ്വല ജയം. ഉത്തർപ്രദേശിൽ 29 വർഷത്തിന് ശേഷമാണ് ആദ്യ കൗൺസിലറെ പാർട്ടിക്ക് ലഭിക്കുന്നത്. നെയ്ത്തുതൊഴിലാളിയായ മുഹമ്മദ് റിസ്‌വാൻ (39) മീററ്റിലെ ഫക്രുദ്ദീൻ അലി അഹമ്മദ് നഗർ വെസ്റ്റ് ഒന്നാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. എഐഎംഐഎം സ്ഥാനാർത്ഥിയെ 223 വോട്ടിന് പരാജയപ്പെടുത്തിയാണ് റിസ്വാൻ വിജയിച്ചത്. വാർഡിൽ ബിജെപി സ്ഥാനാർത്ഥിക്ക് 25 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
കഴിഞ്ഞ 15 വർഷമായി മുസ്ലിം ലീഗ് പ്രവർത്തകനാണ് മുഹമ്മദ് റിസ്‌വാൻ. മീററ്റിൽ ഞാൻ പ്രതിനിധീകരിക്കുന്ന വാർഡ് വികസനം എത്തിനോക്കാത്ത പ്രദേശമാണ്. ധാരാളം ആളുകൾ നെയ്ത്ത് തൊഴിലാളികളാണ്. പാവപ്പെട്ട കുട്ടികൾക്കായി സ്കൂൾ അടിയന്തിരമായി ആവശ്യമാണ്. മോശം റോഡുകളാണുള്ളത്. ബാങ്കോ പോസ്റ്റ് ഓഫീസോ ഇല്ല. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ വിഷയങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫക്രുദ്ദീൻ അലി അഹമ്മദ് നഗർ വെസ്റ്റ് ഒന്നാം വാർഡിൽ ആകെ 9,871 വോട്ടർമാരുണള്ളത്. എന്നാൽ മുസ്ലീം ആധിപത്യമുള്ള പ്രദേശത്തെ ജനസംഖ്യ ഏകദേശം 40,000 ആണെന്നും ഭൂരിപക്ഷവും വോട്ടർപട്ടികയിൽ നിന്ന് പുറത്താണെന്നും അദ്ദേഹം വ്യക്തമാക്കി.1974-ൽ ഫിറോസാബാദിൽ നിന്ന് ആദ്യത്തെ എംഎൽഎ ലീഗിനുണ്ടായി. 1989-ൽ അഞ്ച് കോർപ്പറേറ്റർമാരുമായി മീററ്റിൽ ഡെപ്യൂട്ടി മേയർ സ്ഥാനവും ലഭിച്ചു. 1994 ൽ മീററ്റിൽ നിന്നാണ് ലീഗിന് അവസാന കോർപ്പറേറ്റർ ഉണ്ടാകുന്നത്. ചെറിയ തലത്തിലാണെങ്കിലും പാർട്ടി ഒടുവിൽ യുപിയിൽ സാന്നിധ്യം അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്ന് ഐയുഎംഎൽ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഉവൈസ് പറഞ്ഞു.