മലപ്പുറം > കളമശേരി സംഭവത്തെക്കുറിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെയും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും പ്രസ്‌താവനകൾ തമ്മിൽ കൂട്ടിക്കുഴയ്‌ക്കേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. രണ്ടുപേരുടെയും പ്രസ്‌താവനകൾ തമ്മിൽ അജഗജാന്തരമുണ്ട്. കോൺഗ്രസ് പരാതി കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിന്റെ കാര്യം. മുസ്‌ലിം ലീഗിന് ആ അഭിപ്രായമില്ല – അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എം വി ഗോവിന്ദൻ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ലോക മനഃസാക്ഷി മുഴുവൻ പലസ്‌തീൻ ജനതയ്‌ക്കൊപ്പം നിൽക്കുന്ന സന്ദർഭത്തിൽ അതിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ചിലരുടെ ശ്രമമായിരിക്കാം, അത് കണ്ടെത്തണം എന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരം സന്ദർഭമുണ്ടായത് ദൗർഭാഗ്യകരമാണ്. അതിന് ഉത്തരവാദികളെ കണ്ടെത്തണം എന്നു പറഞ്ഞതും രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്‌താവനയും കൂട്ടിക്കുഴയ്‌ക്കാൻ പറ്റില്ല. എം വി ഗോവിന്ദനെതിരെ കോൺഗ്രസ് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ അഭിപ്രായമായിരിക്കാം. ഇതുപോലുള്ളത് കൊണ്ടുവന്ന് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്‌താവനയുടെ കാഠിന്യം കുറയ്‌ക്കരുത് എന്നാണ് ലീഗിന്റെ അഭിപ്രായം.
മുൻവിധിയോടെയുള്ളതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന. എരിതീയിൽ എണ്ണയൊഴിക്കുന്ന സ്വഭാവം ഭരണകർത്താക്കൾ മാറ്റണം. കേന്ദ്രമന്ത്രിയായാലും തെറ്റുചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടണം. ഇത്തരം ആളുകളെ നിലയ്‌ക്കുനിർത്തണം. കേസെടുക്കാനുള്ള സർക്കാർ തീരുമാനം സമയോചിതമാണ്. ഇന്നലെതന്നെ പ്രതിയെ പിടികൂടാനായില്ലെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് ആലോചിക്കണം. കീഴടങ്ങിയത് പ്രതിയുടെ സന്മനസ്സ്. സംഭവം നടന്നയുടൻ ഒരു സമുദായത്തിന്റ പേരിൽ ചാരാനാണ് കേന്ദ്രമന്ത്രിയും ചില മാധ്യമങ്ങളും ശ്രമിച്ചത്–-പി എം എ സലാം പറഞ്ഞു.