കോഴിക്കോട്: പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ മുൻ എംഎൽഎ കെഎം ഷാജിയെ അഭിനന്ദിച്ച് മുസ്ലിം ലീഗ് മുതിർന്ന നേതാവ് ഡോ. എം.കെ മുനീർ. “എന്റെ പേരിൽ ഒരു മുസ്ലിം ലീഗുകാരനും തല കുനിക്കേണ്ടി വരില്ല” എന്ന ഷാജിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള വാക്കുകൾ അക്ഷരാർത്ഥത്തിൽ പുലർന്നിരിക്കുകയാണ്. ഇത്ര തന്റേടത്തോടെ ഒരു കേസിനെ നേരിടാൻ ആരോപണ വിധേയരായ ഏതെങ്കിലും സി.പി.എം നേതാക്കൾക്ക് കഴിയുമോ ? എം കെ മുനീർ ഫേസ്ബുക്കിൽ കുറിച്ചു.
തെരഞ്ഞെടുപ്പിൽ തോല്പിക്കുന്നവർക്കെതിരെയും രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെയും സി. പി. എം നടത്തുന്ന ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം. പൊലീസ് കേസുകൾക്ക് പുറമെ സോഷ്യൽ മീഡിയ ലിഞ്ചിങ്ങും ഷാജിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു തരിമ്പ് പോലും പതറാതെ വിമർശനങ്ങൾക്കെല്ലാം എണ്ണിയെണ്ണി മറുപടി കൊടുക്കുകയാണ് ഷാജി ചെയ്തതെന്ന് മുനീർ പറഞ്ഞു.കെ.എം ഷാജിയുടെ പേരിൽ ഇ ഡി. കെട്ടിച്ചമച്ച ഓരോ കേസുകളിലും സർക്കാരിനും പിണറായി വിജയനും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.