ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്നത് 700 പ്രതിനിധികള്‍. ദേശീയ തലത്തിൽ മതേതര ചേരിക്ക് ശക്തി പകരുന്ന ആശയങ്ങളാണ് സമ്മേളനത്തിൽ ചർച്ചയാവുകയെന്ന് നേതാക്കള്‍ പറഞ്ഞു. ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ ലീഗിന്റെ ഭാവി തന്നെ നിര്‍ണ്ണയിക്കുന്ന തീരുമാനങ്ങള്‍ പ്ലാറ്റിനം ജൂബിലിയില്‍ കൈക്കൊള്ളുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഒരു വര്‍ഷം നീളുന്നതാണ് പ്ലാറ്റിനം ജൂബിലി ആഘോഷം.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 700 പ്രതിനിധികളുണ്ടാകും. ദേശീയ ഭാരവാഹികള്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ജനപ്രതിനിധികള്‍ നിയോജകമണ്‍ലം പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് പങ്കെടുക്കുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരുകള്‍ കൂടുപതല്‍ ഉറപ്പിക്കാനുള്ള നയപരിപാടികള്‍ ചര്‍ച്ചയാകും. യുപിഎയെ ശക്തിപ്പെടുത്തുന്ന ആശയങ്ങള്‍ക്ക് രൂപം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പത്താം തിയ്യതി കൊട്ടിവാക്കം വൈഎംസിഎ മൈതാനത്ത് നടക്കുന്ന റാലിയില്‍ സംസ്ഥാനത്തു നിന്നും കാല്‍ ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് നേതാക്കൾ അറിയിച്ചത്. റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുഖ്യാതിഥിയാകും.