താനൂർ > റംസാൻ 27-ാം രാവിൽ പള്ളി പൂട്ടിച്ച് മുസ്ലിംലീഗ് പ്രവർത്തകർ. താനൂർ ടൗൺ ജുമാഅത്ത് മസ്‌ജിദാണ് അതിക്രമിച്ച് കയറിയ മുസ്ലിംലീഗ് അക്രമി സംഘം പൂട്ടിച്ചത്. നമസ്‌കാരം നടത്തുന്നവരെ ആക്രമിക്കുകയും, ഖത്തീബിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.ഇസ്ലാംമത വിശ്വാസികൾ ഏറെ സവിശേഷ ദിവസമായി കണക്കാക്കുന്ന റംസാൻ 27ാം രാവിൽ പ്രത്യേക നമസ്കാരവും പ്രാർത്ഥന സദസ്സും നടത്താൻ തീരുമാനിച്ചിരുന്നു. പള്ളിയുടെ ഭരണത്തിന് നേതൃത്വം നൽകുന്ന റിസീവർ അഡ്വ. മുസ്തഫ ചടങ്ങ് നടത്താൻ അനുമതിയും നൽകി. എന്നാൽ ഈ തീരുമാനത്തിനെതിരെ ഭരണസമിതിയംഗവും മുസ്ലിംലീഗ് നേതാവുമായ കോയക്കുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഘടനകളുടെ നേതൃത്വത്തിലുള്ള പരിപാടികൾക്ക് മാത്രമാണ് പള്ളിയിൽ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ റംസാൻ 27ാം രാവിൻ്റെ ഭാഗമായി മിക്ക പള്ളികളിലും വിശ്വാസികൾ നടത്തുന്ന പ്രാർത്ഥന സദസ്സ് നടത്താൻ അനുവദിക്കില്ലെന്ന തീരുമാനത്തിലായിരുന്നു മുസ്ലിംലീഗ് പ്രവർത്തകർ.ശനിയാഴ്ച രാത്രി 9 മുതൽ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മുസ്ലിംലീഗ് പ്രവർത്തകർ പള്ളിക്ക് സമീപം തടിച്ചു കൂടിയിരുന്നു. തറാവീഹ് നമസ്കാരം കഴിഞ്ഞ് വിത്ത്റ് നമസ്കാരം നടക്കുന്നതിനിടെ മുസ്ലിംലീഗ് പ്രവർത്തകർ പള്ളിയിലേക്ക് ഇരച്ചു കയറി ആക്രമിക്കുകയായിരുന്നു.
നമസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്ന ഇബ്രാഹിംകുട്ടി, മുഹമ്മദ് ബാവ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇബ്രാഹിംകുട്ടി തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച സുബഹ് നമസ്കാരം നടത്താൻ അനുവദിക്കില്ലെന്ന് ഖത്തീബായ എം എ മുഹമ്മദ് മുസ്ലിയാരെ ഭീഷണിപ്പെടുത്തുകയും പള്ളി പൂട്ടുകയും ചെയ്തു. തുടർന്ന് പൊലീസ് ഇടപെട്ട് തുറക്കുകയായിരുന്നു.മുസ്ലിം ലീഗ് പ്രവർത്തകരായ മജീദ്, റസാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള അക്രമിസംഘമാണ് പള്ളിയിൽ അഴിഞ്ഞാടിയത്. വഖഫ് ബോർഡ്, റിസീവർ എന്നിവർക്ക് പരാതി നൽകിയതായി മുതവല്ലി അബ്ദുറഹൂഫ് പറഞ്ഞു.വിശുദ്ധ റംസാൻ മാസത്തിൽ മുസ്ലിംലീഗ് അക്രമിസംഘം പള്ളിയിൽ നമസ്കാരത്തിനിടെ അതിക്രമിച്ച് കയറിയതും, ഖത്തീബിനെ ഭീഷണിപ്പെടുത്തിയതും നാട്ടുകാർക്കിടയിൽ ചർച്ചയായിട്ടുണ്ട്. വിശ്വാസ സംരക്ഷകരെന്ന് ചമയുന്നവർ തന്നെ പരിശുദ്ധ നാളിൽ പള്ളി ആക്രമിച്ചതിനെതിരെ ജനരോഷം പുകയുകയാണ്.