ന്യൂഡൽഹി: കാലിക്കടത്ത് ആരോപിച്ച് ഹരിയാനയിലെ മുസ്ലിം യുവാക്കളെ കൊന്ന അഞ്ച് ഗോരക്ഷാ ഗുണ്ടകളിൽ മൂന്നുപേർ പൊലീസിന് വിവരം നൽകുന്നവരാണെന്ന് റിപ്പോർട്ട്. കാലിക്കടത്ത് സംബന്ധിച്ച് പൊലീസിന് വിവരം നൽകുന്നവരാണ് മൂവരുമെന്നാണ് മുൻ കേസുകളിലുള്ള എഫ്.ഐ.ആർ വ്യക്തമാക്കുന്നത്.
അനിൽ, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിങ്കള, മോഹിത് യാദവ് എന്ന മോനു മനേസർ എന്നിവരാണ് കേസിൽ പ്രതികൾ. ഇതിൽ റിങ്കു സൈനി, ലോഷേക് സിങ്കള, ശ്രീകാന്ത് എന്നിവർ കാലിക്കടത്ത് പിടിക്കാൻ ഹരിയാന പൊലീസിനൊപ്പം പോകാറുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
ഹരിയാനയിലെ ഭിവാനിയിലാണ് നസിർ, ജുനൈദ് എന്ന രണ്ടുപേരെ മഹിന്ദ്ര ബെലേറൊ എസ്.യു.വിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാലിക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകൾ ഇവരെ മർദിക്കുകയും മർദനത്തിൽ മരിച്ചതോടെ കാറിലിട്ട് കത്തിക്കുകയുമായിരുന്നു.
അതേസമയം, ജുനൈദിനെതിരെ കാലിക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുകേസുകളുണ്ടെന്ന് പൊലീസ് ആരോപിച്ചു. നസിറിനെതിരെ കേസുകളൊന്നുമില്ലെന്നും പെലീസ് പറഞ്ഞു.