ന്യൂഡൽഹി: മൃഗത്തെ ബലി അർപ്പിക്കുന്ന ചിത്രം വാട്സ് ആപ്പിൽ പങ്കുവെച്ചതിന് വസ്ത്ര വ്യാപാരിയുടെ കട അടിച്ചുതകർത്ത് ഹിന്ദുത്വ പ്രവർത്തകർ. ഹിമാചൽ പ്രദേശിലെ നഹാനിലാണ് സംഭവം.
പൊലീസ് നോക്കി നിൽക്കെ സംഘടിച്ചെത്തിയ തീവ്ര ഹിന്ദുത്വർ മുസ്ലിം വ്യാപാരിയായ ജാവേദിന്‍റെ വസ്ത്രശാല ബലംപ്രയോഗിച്ച് തുറക്കുകയും വസ്ത്രങ്ങൾ ഉൾപ്പെടെ വലിച്ചെറിയുകയും ചെയ്യുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏറെ നേരം കഴിഞ്ഞാണ് പൊലീസ് ആക്രമികളെ തടയുന്നത്.
പിന്നാലെ ആൾക്കൂട്ടം ജില്ല കലക്ടറുടെ ഓഫിസിനു മുന്നിൽ തടിച്ചുകൂടി. എല്ലാവരെയും വെടിവെച്ച് കൊല്ലണമെന്ന് ആക്രോശിച്ച ഹിന്ദുത്വ പ്രവർത്തകർ ജയ് ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തിൽ നഹാൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.