ലഖ്‌നൗ : മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബജ്റംഗ് മുനി ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ലഖ്നൗവിന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. വിദ്വേഷ പ്രസംഗം നടത്തി 11 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ഭീഷണി മുഴക്കുന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഏപ്രിൽ രണ്ടിനാണ് പുറത്തായത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും ചെയ്തിരുന്നു. ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ അംഗീകരിക്കാനാകില്ലെന്നും മുനി ദാസിനെ അറസ്റ്റ് ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.
വിദ്വേഷ പ്രസംഗം, അപകീർത്തികരമായ പരാമർശം, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്. കേസെടുത്തതിന് ശേഷം പരാമർശത്തിൽ മുനി ദാസ് മാപ്പ് പറയുന്ന വീഡിയോയും പ്രചരിച്ചു. തന്റെ പ്രസ്താവന തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചെന്നും നിരുപാധികം മാപ്പ് പറയുകയാണെന്നും ഇയാൾ വീഡിയോയിൽ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുൻ സായുധ സേനാ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പൗരപ്രമുഖരും ഉൾപ്പെടെ നൂറിലധികം പേർ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതിയിരുന്നു. ഖൈരാബാദിലെ മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിന്റെ തലവനാണ് ബജ്റംഗ് മുനി ദാസ്. വിദ്വേഷ പ്രസംഗ കേസുകളുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.