വാഷിങ്ടൺ: ലോകമെമ്പാടുമുള്ള മുസ്ലീംകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നതായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഈദുൽ ഫിത്തർ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങൾ നേരിടുന്ന ഭീഷണികൾക്കെതിരെ അവർക്കൊപ്പം എന്നും അമേരിക്ക ഉണ്ടാവും. തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ വെല്ലുവിളികളും ഭീഷണികളും നേരിടുന്നുണ്ടെങ്കിലും മുസ്ലീംകൾ അമേരിക്കയെ ഓരോ ദിവസവും ശക്തരാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുളള അംബാസഡറായി ആദ്യമായി ഒരു മുസ്ലീമിനെ താൻ നിയമിച്ചതായി ബൈഡൻ പറഞ്ഞു.ലോകമെമ്പാടും, നിരവധി മുസ്ലീംകൾൾ അക്രമത്തിന് ഇരയാകുന്നത് നാം കാണുന്നു. ആരും അടിച്ചമർത്തപ്പെട്ടവരോട് വിവേചനം കാണിക്കരുത് അല്ലെങ്കിൽ അവരുടെ മതവിശ്വാസങ്ങളുടെ പേരിൽ അടിച്ചമർത്തപ്പെടരുത്. ഈ മഹത്തായ ദിനം ആഘോഷിക്കാൻ സാധിക്കാത്ത ഒരുപാട് പേർ ലോകത്തുണ്ടെന്നും നാം ഓർക്കണം. ഉയിഗൂരുകളും റോഹിങ്ക്യകളും ഉൾപ്പെടെയുളളവർ പലതരത്തിലുമുള്ള ക്രൂരതകൾ നേരിടുന്നുണ്ട്.
വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആറ് വർഷത്തിനിടെ ആദ്യമായി യമനിലെ ജനത സമാധാനത്തോടെയും സന്തോഷത്തോടേയും ഇത്തവണ പെരുന്നാൾ ആഘോഷിക്കുന്നത് കാണാൻ കൊതിക്കുന്ന കാഴ്ചയാണ്. അമേരിക്കൻ മുസ്ലീങ്ങൾ രാജ്യത്തിന്‍റെ അവിഭാജ്യഘടകമാണ്. മതമോ വിശ്വാസമോ ഭൂമിശാസ്ത്രമോ ഒന്നും അടിസ്ഥാനമാക്കിയല്ല, മറിച്ച് ഒരു ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് അമേരിക്ക നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസിലെ ചടങ്ങുകൾക്ക് ശേഷം അദ്ദേഹവും പത്നിയും ലോകത്തുള്ള എല്ലാവർക്കും ഈദ് ആശംസകളും നേർന്നു.
അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസും ആശംസകൾ നേർന്നു. ത്യാഗപൂർണമായ ഒരു മാസത്തെ വ്രതത്തിന് ശേഷമാണ് പുണ്യദിവസം ആഘോഷിക്കുന്നത്. മറ്റുള്ളവരെ സഹായിക്കുകയും സ്നേഹിക്കുന്നതുമാണ് ഈ ദിവസങ്ങളിൽ കാണാൻ സാധിച്ചതെന്നും അവർ ട്വീറ്റ് ചെയ്തു. അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡൻ, പ്രശസ്ത പാക്കിസ്താനി ഗായകൻ അറൂജ് അഫ്താബ്, മസ്ജിദ് ഇമാം ഡോ.താലിബ് എം.ഷെരീഫ് എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.