തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍. അപകടത്തില്‍ മരിച്ച നാല് പേരുടെയും കുംടുംബാംഗങ്ങള്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മുതലപ്പൊഴിയിലെ അപകടങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രിതലയോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
അപകടത്തില്‍ മരിച്ച റോബിന്റെയും ബിജു ആന്റണിയുടെയും കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കും. ബിജു ആന്റണിയുടെ മൂത്തമകള്‍ക്കും, റോബിന്റെയും കുഞ്ഞുമോന്റെയും ഭാര്യയ്ക്കും വരുമാനമാര്‍ഗം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സുരേഷിന്റെ മകന് ക്ഷേമനിധി അംഗത്വം നല്‍കുമെന്നും മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായ കടബാധ്യത ഒഴിവാക്കാന്‍ സഹകരണവകുപ്പ് മന്ത്രിയുമായി ആലോചിക്കുമെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. അശാസ്ത്രീയമായ നിര്‍മാണമാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അപകടങ്ങളും മരണവും ഉണ്ടാകുന്നത് നിര്‍മാണത്തിലെ അപാകതയാണോ എന്ന് പഠന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് മന്ത്രിയുടെ വാദം.