തിരുവനന്തപുരം∙ ആദ്യകാല ചലച്ചിത്ര നടനും വോളിബാൾ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്കായിരുന്നു അന്ത്യം.
1982ൽ ആ ദിവസം എന്ന സിനിമയിലൂടെയാണ് മിഗ്ദാദ് അഭിനയരംഗത്തെത്തിയത്. എന്നാൽ, സംവിധായകൻ സിബി മലയിലിന്റെ ആദ്യ സിനിമയായ മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലെ രാജൻപിള്ള എന്ന ഫയൽവാന്റെ വേഷമാണ് മിഗ്ദാദിനെ പ്രശസ്തനാക്കിയത്.
ആനയ്ക്കൊരുമ്മ, പൊന്നും കുടത്തിനും പൊട്ട്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, മാന്നാർ മത്തായി സ്‌പീക്കിങ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. സീരിയലുകളിലും വേഷമിട്ടു. 2010ൽ പോസ്‌റ്റൽ ആൻഡ് ടെലഗ്രാഫ് വകുപ്പിൽനിന്ന് വിരമിച്ചു. പേട്ട അക്ഷരവീഥി മഠത്തുവിളാകം ലെയ്നിൽ എവിആർഎ 12- X ആയിരുന്നു താമസം.
കബറടക്കം രാവിലെ 11.30ന് കൊല്ലം പോളയത്തോട് ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: റഫീക്ക മിഗ്ദാദ്. മക്കൾ: മിറ മിഗ്ദാദ്, റമ്മി മിഗ്ദാദ്. മരുമക്കൾ: സുനിത് സിയാ, ഷിബിൽ മുഹമ്മദ്.












