നിസാമാബാദ്: വിവാഹവീട്ടിൽ ഭക്ഷണത്തിന്‍റെ പേരിൽ വരന്‍റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ കൂട്ടയടി. തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടിൽ ബുധനാഴ്ചയാണ് സംഭവം. വധുവിന്‍റെ വീട്ടിൽ വെച്ച് നടന്ന വിവാബ പാർട്ടിയിൽ വരന്‍റെ ബന്ധുക്കളിൽ ചിലർ വേണ്ടത്ര മട്ടൻ കറി വിളമ്പിയില്ല എന്ന് പരാതി പറഞ്ഞു. ഇതിനെ ചൊല്ലിയുണ്ടായ വഴക്ക് പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു.
നവിപേട്ട് സ്വദേശിനിയുടെയും നന്ദിപേട്ടയിൽ നിന്നുള്ള യുവാവിന്‍റെയും വിവാഹം കഴിഞ്ഞുള്ള സർക്കാരത്തിനിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. ഭക്ഷണം വിളമ്പുന്നതിനിടെ വരനൊപ്പം എത്തിയ ചില യുവാക്കൾ മട്ടൻ കറി കുറവാണ് വിളമ്പുന്നതെന്ന് പരാതിപ്പെട്ടു. തുടർന്ന് ഭക്ഷണം വിളമ്പുന്നവരുമായി തർക്കമായി. പിന്നീട് കുറ്റം വധുവിന്‍റെ വീട്ടുകാർക്കെതിരെയായി. ഇതോടെ ഇരുകൂട്ടകരും തമ്മിൽ വാക്കേറ്റവും പിന്നീട്ട് കൂട്ടത്തല്ലുമുണ്ടാവുകയായിരുന്നു.
ഇരുകൂട്ടരും ചേരി തിരിഞ്ഞ് വിവാഹ വേദിയിൽ അടിയായി. പാത്രങ്ങളും സാധനങ്ങളും കസേരകളും എടുത്തെറിഞ്ഞായിരുന്നു ആക്രമണം. നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഒടുവിൽ സ്ഥിതി നിയന്ത്രിച്ചത്. തമ്മിലടിയിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഒരു സ്ത്രീ അടക്കം ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള 19 പേർക്കെതിരെ പൊലീസ് കേസെടുത്തു.