കൊച്ചി: മൂവാറ്റുപുഴയിൽ അശോക് ദാസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്. രണ്ടു പേർ നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റ് കുറ്റകൃത്യത്തിൽ പങ്കെടുത്തു എന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും. ഇതിനായി മൊബൈൽ രേഖകൾ പോലീസ് പരിശോധിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
ഇതര സംസ്ഥാന തൊഴിലാളിയായ അശോക് ദാസ് അരുണാചൽ പ്രദേശ് സ്വദേശിയാണ്. പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് അശോക് ദാസിനെതിരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. അശോക് ദാസും പെൺകുട്ടിയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അശോക് അവിടെ വച്ച് സ്വയം കൈകൾക്ക് മുറിവേൽപ്പിച്ചു. തുടർന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ കൂട്ടം കൂടി മർദ്ദിക്കുകയായിരുന്നു. മർദ്ദന ശേഷം സമീപത്തുണ്ടായിരുന്ന ഇരുമ്പ് തൂണിൽ കെട്ടിയിട്ടു. കെട്ടിയിട്ട ശേഷവും മർദ്ദനം തുടർന്നു. ശ്വാസകോശം തകർന്നു പോകുകയും തലയുടെ വലതുഭാഗത്ത് രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ഇതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടികൾ മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകി. വിശദമായ അന്വേഷണത്തിനായി പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വെളിപ്പെടുത്തി. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘം ചേർന്ന് മർദ്ദിച്ചതിനും കൊലപ്പെടുത്തിയതിനുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേർ സംഭവത്തിൽ പ്രതികളായിട്ടുണ്ട്. കൂടാതെ ഒരു മുൻ പഞ്ചായത്ത് അംഗവും പ്രതിയാണ്.