ലഖ്നൗ: 2013-ലെ മുസാഫർനഗർ കലാപക്കേസിൽ ബിജെപി നിയമസഭാംഗം വിക്രം സൈനിക്കും മറ്റ് 11 പേർക്കും പ്രത്യേക എംപി/എംഎൽഎ കോടതി രണ്ട് വർഷത്തെ തടവ്ശിക്ഷ വിധിച്ചു. പ്രത്യേക ജഡ്ജി ഗോപാൽ ഉപാധ്യായയുടേതാണ് വിധി. ഇവർക്ക് 10,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. കേസിലെ മറ്റ് 15 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
ഉത്തർപ്രദേശിലെ ഖതൗലിയിൽ നിന്നുള്ള ബിജെപി എംഎൽഎയായ സൈനിയെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് 25,000 രൂപ വീതമുള്ള രണ്ട് ആൾ ജാമ്യത്തിൽ വിടുകയും ചെയ്തു. ശിക്ഷയ്‌ക്കെതിരെ ഇവർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഐപിസി സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തി സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 353 (പൊതു ഉദ്യോഗസ്ഥനെ തന്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം നടത്തുന്നത്), 147 (കലാപം), 148 (മാരകായുധങ്ങളുമായി കലാപം നടത്തൽ), 149 (നിയമവിരുദ്ധമായ സമ്മേളനം) എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിക്രം സൈനിക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
രണ്ട് ജാട്ട് യുവാക്കളുടെ ശവസംസ്‌കാരം കഴിഞ്ഞ് ജനക്കൂട്ടം മടങ്ങുന്നതിനിടെ കവാൽ ഗ്രാമത്തിൽ നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് ബിജെപി എംഎൽഎയും മറ്റ് 26 പേരും വിചാരണ നേരിട്ടത്. ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഹിന്ദു മുസ്ലിം സമുദായങ്ങൾ തമ്മിലുള്ള വംശീയ സംഘർഷമാണ് മുസാഫർ നഗർ കലാപം എന്നറിയപ്പെടുന്നത്. 42 മുസ്ലിമുകളും, 20 ഹിന്ദു സമുദായക്കാരും ഈ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിനാളുകൾക്ക് മുറിവേൽക്കുകയും, പതിനായിരക്കണക്കിനാളുകൾക്ക് അവർ താമസിച്ചിരുന്ന സ്ഥലം വിട്ടോടിപ്പോകേണ്ടിയും വന്നു. 2013 സെപ്തംബർ പകുതിയോടെ, പ്രധാന സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ പിൻവലിക്കുകയും, സൈന്യം കലാപബാധിതപ്രദേശത്തു നിന്നും പിൻവാങ്ങുകയും ചെയ്തു.
2013 ഓഗസ്റ്റ് 21ന് മുസാഫർ നഗറിൽ ചെറിയതോതിൽ സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. അതുമായി ബന്ധപ്പെട്ട് പോലീസ് 150 ഓളം പേർക്കെതിരെ കേസെടുക്കുകയും, 14 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യൂസഫ് ഖുറേഷി എന്നൊരാൾ നടത്തിയ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് കലാപം വീണ്ടും മൂർഛിച്ചത്. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു. ഓഗസ്റ്റ് 27ന് ഷാമ്ലി നഗരത്തിൽ ജാട്ട് സമുദായക്കാരും, മുസ്ലീം സമുദായക്കാരും തമ്മിൽ ഏറ്റുമുട്ടി. ഒരു ചെറിയ ഗതാഗത അപകടത്തെത്തുടർന്നുണ്ടായ വാഗ്വാദങ്ങളാണ് പിന്നീട് വംശീയ സംഘർഷത്തിലേക്കു നയിച്ചതെന്ന് പറയപ്പെടുന്നു. ഇതു കൂടാതെ, ജാട്ട് സമുദായത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ മുസ്ലിം സമുദായത്തിൽപ്പെട്ട ഒരു യുവാവ് കളിയാക്കിയതുമാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും ചില വാദങ്ങളുണ്ട്. പെൺകുട്ടിയുടെ സഹോദരന്മാരായ സച്ചിൻ, ഗൗരവ് എന്നിവർ ഇതെക്കുറിച്ച്, ഷാനവാസ് ഖുറേഷി എന്ന ആരോപണവിധേയനായ യുവാവിനോട് ചോദിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ മർദ്ദനത്തിൽ ഖുറേഷി കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടാൻ ശ്രമിച്ച ഈ സഹോദരങ്ങളെ അക്രമാസക്തരായ് മുസ്ലിം ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ കളിയാക്കിയ സംഭവം നടന്നിട്ടില്ലെന്നും സച്ചിൻ, ഗൗരവ് എന്നീ സഹോദരങ്ങൾ ഒരു മോട്ടോർസൈക്കിൾ അപകടവുമായി ബന്ധപ്പെട്ട്, ഷാനവാസ് ഖുറേഷിയുമായി വഴക്കടിക്കുകയും അതിനെതുടർന്ന് ഖുറേഷി കൊല്ലപ്പെടുകയായിരുന്നു എന്നുമാണ് പൊലീസ് രേഖകൾ പറയുന്നത്.