തൃശൂർ: ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നതല്ലാതെ പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ.കെ രാഗേഷിനെ കുറിച്ച് പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ യൂനിവേഴ്സിറ്റിയിലെ ചരിത്ര കോൺഗ്രസ് നടക്കുമ്പോൾ കെ.കെ.രാഗേഷ് എം.പിയാണ്. പൊലീസിനെ തടഞ്ഞുവെന്നത് അസംബന്ധമാണ്. ഒരു പ്രശ്നമുണ്ടാവുമ്പോൾ പരിഹരിക്കാനാണ് രാഗേഷ് ശ്രമിച്ചത്. ഓരോ കാര്യങ്ങൾ പറയുന്നതിന് മറുപടി പറയാൻ ഇല്ല. ആർ.എസ്.എസും ബി.ജെ.പിയുമൊന്നും ഇവിടെയില്ലാത്തിനാൽ പ്രതിപക്ഷം എന്ന് പറയാനാവില്ല, പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ അവർ ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുത്തതാവും ഗവർണർ. ആർ.എസ്.എസിന്റെ വക്താവ് ആണ് താനെന്ന് പറയുന്ന ഗവർണറെ കുറിച്ച് എന്ത് പറയാനാണ് -അദ്ദേഹം പറഞ്ഞു.
മാധ്യമ ശ്രദ്ധക്ക് വേണ്ടിയാണോ ഗവർണറുടെ ഈ ശ്രമമെന്ന ചോദ്യത്തിന്, അതൊന്നും പറയാനില്ലെന്നും തങ്ങൾ ഗവർണറെ ബഹുമാനിക്കുന്ന കൂട്ടത്തിലാണെന്നും, പക്ഷേ ഭരണഘടനാപരമായും നിയമപരമായും പ്രവർത്തിക്കുമ്പോഴാണ് ആ ബഹുമാനം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിന് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ഒരാളോട് വേറെന്താണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു.കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഗവർണറുടെ ആരോപണത്തിന് സർക്കാർ മറുപടി നൽകിയതാണെന്നും എം.വി. ഗോവിന്ദൻ തൃശൂരിൽ പറഞ്ഞു.