കോട്ടയം: ഓണം പൊന്നോണം ആക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പട്ടിണി വരുന്നു എന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത്. മലയാളി നല്ല രീതിയിൽ ഓണമുണ്ണും എന്നത് ഈ സർക്കാറിന്റെ ഗ്യാരണ്ടിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലം എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. വി. ഗോവിന്ദൻ. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഈ തിരഞ്ഞെടുപ്പിൽ വിലയിരുത്തുന്നതിൽ പ്രയാസം ഇല്ല. കേന്ദ്രം സംസ്ഥാനത്തിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അവസ്ഥയാണ്. ഇതിനെ കോൺഗ്രസ് എതിർക്കുന്നില്ലെന്നും വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്ത് തന്നെ മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.