കണ്ണൂർ: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അങ്ങേയറ്റം ദുഃഖഭരിതമായ നിമിഷമാണിത്. കൊയിലാണ്ടി പ്രദേശത്തെ പാര്‍ട്ടിയുടെ ധീരവും ജനകീയവുമായ മുഖമായിരുന്നു സത്യനാഥന്‍ എന്ന് ഗോവിന്ദന്‍ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിലൂടെ കൊലപാതകത്തില്‍ പങ്കുള്ള മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംവി ഗോവിന്ദന്റെ കുറിപ്പ്: ‘ഒരു സഖാവിന്റെ ജീവന്‍ കൂടി നഷ്ടമായ അങ്ങേയറ്റം ദു:ഖഭരിതമായ നിമിഷമാണിത്. കൊയിലാണ്ടി പ്രദേശത്തെ പാര്‍ടിയുടെ ധീരവും ജനകീയവുമായ മുഖമായിരുന്നു പ്രിയ സഖാവ് സത്യനാഥന്‍. സിപിഐ എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ നാടിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഓടിയെത്തുന്ന സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്. പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രോത്സവത്തിനിടെ ക്ഷേത്രമുറ്റത്ത് വെച്ചാണ് സ. സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയത്. അത്യന്തം ഹീനവും മനുഷ്യത്വരഹിതവുമായ കൊലപാതകത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. സമഗ്രമായ അന്വേഷണത്തിലൂടെ ഈ കൊലപാതകത്തില്‍ പങ്കുള്ള മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരേണ്ടതുണ്ട്. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങള്‍.’
ഉത്തമനായ സഖാവിനെയാണ് നഷ്ടമായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. പ്രയാസകരമായ ജീവിതം നയിച്ചയാളാണ്. നല്ലൊരു പാര്‍ട്ടി സെക്രട്ടറിയെയാണ് നഷ്ടമായത്. പ്രതിയായ അഭിലാഷ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ്. ക്രിമിനല്‍ സ്വഭാവം മനസിലാക്കിയപ്പോഴാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കൊലപാതകം നടത്തിയ ആള്‍ക്ക് ആറ് വര്‍ഷമായി പാര്‍ട്ടിയുമായി ബന്ധമില്ല. സിപിഎം വിരുദ്ധ മനോഭാവമുള്ള ആളാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. കൊയിലാണ്ടി പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ല. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ചെറിയ വിരോധം ഉണ്ടെങ്കില്‍ പോലും കൊലപാതകം നടത്തും. സത്യനാഥ് സ്‌നേഹത്തോടെ വളര്‍ത്തി കൊണ്ടുവന്ന ആളാണ് പ്രതി. തയ്യാറെടുപ്പോടെ നടത്തിയ കൊലപാതകമാണിതെന്നും ഇപി ജയരാജന്‍ പറഞ്ഞു.