കൊച്ചി∙ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിലെ വീഴ്‌ച പരിശോധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.വീഴ്‌ച പറ്റിയത് ആർക്കായാലും തിരുത്തണം. പെൻഷൻ പ്രായവർധന പാർട്ടിയോ മുന്നണിയോ ചർച്ച ചെയ്തിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചാല്‍ കളവ് പറയേണ്ട കാര്യമില്ല. അതുകൊണ്ടാണ് പാര്‍ട്ടി നിലപാട് തുറന്നു പറഞ്ഞതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
വിഴിഞ്ഞം സമരത്തില്‍ ബിജെപിക്കൊപ്പം സിപിഎം വേദി പങ്കിട്ടതില്‍ തെറ്റില്ല. സമരത്തിനെതിരെ മാര്‍ച്ച് നടത്തിയത് പ്രദേശത്തെ ജനങ്ങളാണ്. ജനങ്ങള്‍ പോരാടുമ്പോള്‍ പാര്‍ട്ടി ഒപ്പം നില്‍ക്കും. അവിടെ ബിജെപിയുണ്ടോ കോണ്‍ഗ്രസ് ഉണ്ടോ എന്നല്ല നോക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ അസംബന്ധമാണ്. ആരോപണവിധേയർക്കു സ്വഭാവദൂഷ്യമില്ല. അവര്‍ക്ക് നിയമനടപടി സ്വീകരിക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പാർട്ടി അറിയാതെ എടുക്കുന്ന തീരുമാനങ്ങൾ അകാലചരമം അടയുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായവർധന മന്ത്രിസഭ മരവിപ്പിച്ചതു പാർട്ടി ആവശ്യപ്പെട്ടിട്ടാണെന്നും ഗോവിന്ദൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പെൻഷൻപ്രായം ഉയർത്താനുള്ള തീരുമാനം ബുധനാഴ്ച മന്ത്രിസഭാ യോഗം മരവിപ്പിച്ച ശേഷവും ഇക്കാര്യത്തിൽ അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു. നയപരമായ വിഷയം പാർട്ടിയിൽ ചർച്ച ചെയ്യാത്തതിലുള്ള അസന്തുഷ്ടി സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചതിനെത്തുടർന്നാണു കഴിഞ്ഞദിവസം തീരുമാനം മരവിപ്പിച്ചത്.