പട്ടാമ്പി> പാർടിക്കെതിരെ കടന്നാക്രമണമുണ്ടായാൽ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ. പട്ടാമ്പിയിലെ സ്വീകരണ കേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു. കേന്ദ്ര ഏജൻസികൾ കേരളത്തിനെതിരെ നിരന്തരം ആക്രമണം നടത്തുകയാണ്. ഒപ്പം വലതുപക്ഷമാധ്യമങ്ങളും കൂടുന്നു. ഈ പ്രതിസന്ധി തിരിച്ചറിഞ്ഞാണ് ജനങ്ങൾ ജാഥയിലേക്ക് ഒഴുകുന്നത്. ആർഎസ്എസിന്റെ എല്ലാ കുത്സിത ശ്രമങ്ങളും ഒറ്റക്കെട്ടായി എതിർക്കും.
സമൂഹത്തിന്റെ ജീർണതകൾ പാർടിക്ക് അകത്തും ഉണ്ടാകും. ഇത് സ്വാഭാവികമാണ്. പാർടിയെ സംഘടനാപരമായി നേർദിശയിലേക്ക് നയിക്കാനും ജാഥയിലൂടെ കഴിയണം. ജനങ്ങളാണ് അവസാനവാക്കെന്ന് എല്ലാവരും തിരിച്ചറിയണം. ജനങ്ങൾ അംഗീകരിക്കാത്ത ഒരു തീരുമാനവും എടുത്ത് മുന്നോട്ടുപോകാനാവില്ല.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലും വർഗീയ നിലപാടിനിടയിലും കേരളത്തിൽ വികസനം നടപ്പാവുകയാണ്. ദേശീയപാത വികസനം അടുത്ത വർഷം പൂർത്തിയാകും. എല്ലാവർക്കും വീടും സ്ഥലവും പട്ടയവും ഉറപ്പാക്കും. അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.