പത്തനംതിട്ട: സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന സമീപനം തദ്ദേശഭരണ സ്ഥാപനങ്ങൾ അവസാനിപ്പിക്കണമെന്ന് മന്ത്രി മന്ത്രി എം.വി.ഗോവിന്ദന്‍. സംരംഭകനെ നിസാര കാര്യം പറഞ്ഞു മാസങ്ങളോളം നടത്തുന്ന സമീപനം ചിലയിടങ്ങളില്‍ കാണുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. തനതു ഫണ്ടിനു വേണ്ടി കാത്തിരിക്കാതെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വയം പര്യാപ്തതയിലേക്ക് എത്താനുള്ള നടപടികള്‍ സ്വീകരിക്കണം. മൂലധന നിക്ഷേപകരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും അതു വഴി പ്രദേശത്തിനും തദ്ദേശഭരണ സ്ഥാപനത്തിനും മെച്ചം ഉണ്ടാക്കാനും ഉള്ള ശ്രമമാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുതുക്കി പണിത ശ്രീചിത്തിര തിരുനാള്‍ സ്മാരക ടൗണ്‍ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക ഉൽപന്നങ്ങളിൽ നിന്നു ലഹരി കുറഞ്ഞ മദ്യവും വൈനും ഉൽപാദിപ്പിക്കാനുള്ള ശ്രമം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുവഴി കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്യും. കപ്പയിൽ നിന്നു മദ്യം ഉൽപാദിപ്പിക്കാനാകുമോ എന്നും പരീക്ഷണം നടത്തും. ഒന്നാം തീയതി മദ്യശാലകൾ തുറക്കാന്‍ പദ്ധതിയില്ല.
ഐടി പാർക്കുകളിൽ പബ് തുടങ്ങാൻ തീരുമാനിച്ചിട്ടില്ലെങ്കിലും ഇവിടെ മദ്യം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തിപ്പോൾ മദ്യത്തിന്റെ ഉപഭോഗം കുറവാണ്. ബവ്റിജസിന് മുന്‍പ് ഉള്ളതിനേക്കാള്‍ 78 ഔട്‍ലെറ്റുകള്‍ കുറവാണ്. മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന എൽഡിഎഫ് നയത്തിൽ നിന്നു പിന്നോട്ടു പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.