കണ്ണൂർ∙ തരംതാഴുന്നതിന്റെ നെല്ലിപ്പടിയിലാണ് ഗവർണർ ആരിഫ് മുഹമദ് ഖാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എന്തും പറയുന്ന നിലയിലേക്ക് ഗവർണർ എത്തി. മുഖ്യമന്ത്രിക്കെതിരെ ഗവർണറുടെ കൈയിൽ തെളിവുകളുണ്ടെങ്കിൽ പുറത്തു വിടട്ടെ. കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധം ഉണ്ടായ സമയത്ത് ഗവർണർ എന്തുകൊണ്ട് പരാതി നൽകിയില്ലെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു.
കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ആക്രമണം നടന്നിട്ടും പൊലീസ് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദേശമുള്ളതിനാലാണെന്നും മുഖ്യമന്ത്രിക്കെതിരായ വിഡിയോയും കത്തുകളും തിങ്കളാഴ്ച പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞിരുന്നു. ഗവര്‍ണറെ ആക്രമിച്ചാല്‍ പരാതിയില്ലെങ്കിലും കേസെടുക്കണമെന്ന് അറിയാത്തവരാണോ നാട് ഭരിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രി പല ആനുകൂല്യങ്ങളും തന്നിൽനിന്നു തേടിയിട്ടുണ്ട്, അത് പുറത്തുവിടില്ലെന്നും ഗവർണർ പറഞ്ഞു.
തന്നെ ഭയപ്പെടുത്താനും സമ്മർദത്തിലാക്കാനും മുഖ്യമന്ത്രി എല്ലാ കളിയും കളിക്കുകയാണെന്നു ഗവർണർ ആരോപിച്ചിരുന്നു. ഇതുവരെ പകരക്കാരെ ഉപയോഗിച്ചു കളിച്ച മുഖ്യമന്ത്രി ഇപ്പോൾ മറനീക്കി പുറത്തുവന്നതിൽ സന്തോഷമുണ്ട്. ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കണമെന്നാവശ്യപ്പെട്ട് 3 വർഷമായി താനെഴുതുന്ന കത്തുകൾക്കു മുഖ്യമന്ത്രി മറുപടി തരുന്നില്ലെന്നും ഗവർണർ പറഞ്ഞു.