കണ്ണൂർ: മുസ്ലീം ലീഗിനെ ഇടതു മുന്നണിയിലേക്ക് പരിഗണിക്കുമോ എന്ന കാര്യത്തിലടക്കം പാർട്ടി നിലപാട് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. യു ഡി എഫ് മുന്നണിയിൽ ലീഗിനുള്ള എതിർപ്പ് എൽ ഡി എഫ് കണ്ടു എന്നു മാത്രമേയുള്ളൂവെന്നും അല്ലാതെ ലീഗിനോ യു ഡി എഫ് മുന്നണിയിലുള്ള ഏതെങ്കിലും പാർട്ടികൾക്കോ എളുപ്പത്തിൽ എൽ ഡി എഫിലേക്ക് വരാനാകില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. യു ഡി എഫിനകത്ത് വലിയ പ്രശ്നമാണ് നിലവിലുള്ളത്. കോൺഗ്രസ് ഗവർണറുടെ നിലപാടിനെ അനുകൂലിക്കുമ്പോൾ ആർ എസ് പിയും മുസ്ലീം ലീഗും ഗവർണറുടെ നിലപാടിനെ എതിർക്കുകയാണ്. മുസ്ലീം ലീഗ് നേതാക്കൾ പരസ്യമായി തന്നെ ഗവർണറെ തള്ളിപറയുന്നുണ്ട്. എന്നാൽ കോൺഗ്രസിന് ഗവർണറോട് സ്നേഹം തോന്നാൻ കാരണം ഇടതുപക്ഷ സർക്കാരിനോടുള്ള വെറുപ്പാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി ചൂണ്ടികാട്ടി.
ഓരോ സംസ്ഥാനങ്ങളെയും ഓരോ യൂണിറ്റായി എടുത്ത് അവിടങ്ങളിലെല്ലാം ബി ജെ പിക്കെതിരെ നിൽക്കുന്നവർ ഒരുമിക്കുകയാണ് വേണ്ടത്. ബിഹാർ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാറടക്കം അക്കാര്യം പറഞ്ഞതാണ്. അങ്ങനെ ഒരുമിച്ച് നിന്നാൽ മാത്രമേ ബി ജെ പിയെ പരാജയപ്പെടുത്താനാവൂ. അക്കാര്യം കേരളത്തിലെ കോൺഗ്രസ് നേതാക്കളും മനസിലാക്കണം. ബി ജെ പിയെ പരാജയപ്പെടുത്തകയാവണം ലക്ഷ്യമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം ഗവർണർക്കെതിരെയും സി പി എം സംസ്ഥാന സെക്രട്ടറി വിമർശനം ഉന്നയിച്ചു. ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൈസ് ചാൻസലർമാരെ വരുതിയിൽ നിർത്താൻ ആർ എസ് എസ് ശ്രമം നടക്കുന്നു. അടുത്ത കാലത്തായി ആർ എസ് എസിന്‍റെ ശ്രമം വളരെയധികം വർധിച്ചിട്ടുണ്ട്. ഇതിനെ ചെറുത്തുതോൽപ്പിക്കാനകണം. കേരളത്തിൽ ഗവർണറുടെ തെറ്റായ നടപടിക്കെതിരെ ശക്തമായ പ്രതിരോധം ഉയർന്നിട്ടുണ്ട്. തെറ്റായ നടപടി സ്വീകരിച്ചാൽ ഗവർണർക്ക് മുന്നിൽ കീഴടങ്ങാൻ സർക്കാർ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു. പിന്നാലെ വലിയ ജനകീയ മുന്നേറ്റവും ഗവർണർക്കെതിരായ പ്രതിഷേധവും രൂപപ്പെട്ടു. ജനകീയ മുന്നേറ്റം രൂപപ്പെട്ട ശേഷം ഗവർണർ അതിര് വിട്ട് പോയില്ല. സമര പരിപാടിക്ക് ശേഷം ഗവർണർക്ക് മുൻപത്തെ ഊർജമില്ലെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.