കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി മരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അതിന് തടയിടാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആരും ജാഥയിൽ നിന്ന് വിട്ട് നിന്നിട്ടില്ലെന്നും ഇ പി ജയരാജൻ ജാഥയിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കണ്ണൂരിൽ ആര്‍എസ്എസ് – സിപിഎം ചര്‍ച്ചയില്‍ രഹസ്യമില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. സംഘര്‍ഷമുള്ള സമയത്ത് ലഘൂകരിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍, ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചയില്‍ പ്രതിപക്ഷത്തിന് നേരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ച ദില്ലിയിൽ എവിടെയോ നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജാഥ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി കോൺഗ്രസിനോട് ചോദിച്ചത് പ്രസക്തമായ കാര്യമാണ്. ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് കൂട്ടുകെട്ട് ഞങ്ങൾ തുറന്ന് കാട്ടും. കുറുക്കൻ കോഴിയുടെ അടുത്ത് പോയി ചർച്ച നടത്തുന്ന സ്ഥിതിയാണിതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.