തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സിപിഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യൂത്ത് കോൺഗ്രസ് നടത്തുന്നത് ചാവേർ സമരമാണ്. ജനാധിപത്യ രീതിയിലാണ് യൂത്ത് കോൺഗ്രസ് സമരം നടത്തേണ്ടതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണുള്ളത്. രാഹുലിനെതിരായ നടപടിയെ പ്രതിപക്ഷ നേതാവ് ശക്തമായി വിമർശിച്ചില്ല എന്ന നിരീക്ഷണത്തോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
അതേസമയം വയനാട് ഉപതെരഞ്ഞെടുപ്പ് നേരിടാൻ ഇടതുപക്ഷം തയ്യാറാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഏത് സാഹചര്യത്തിലും തെരഞ്ഞെടുപ്പിന് സിപിഎം ഒരുക്കമാണ്. എന്നാൽ ഉപതെരഞ്ഞെടുപ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാർത്താ സമ്മേളനം. അന്യായമായി അയോഗ്യനാക്കിയെന്ന വാദമാകും രാഹുൽ ഉയർത്തുക. അതേ സമയം സംസ്ഥാന കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം നടക്കും.ഛത്തീസ്ഘട്ടിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ബി ജെ പി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് കോണ്‍ഗ്രസ്സ് നടത്തിയ നൈറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന മുന്നൂറ് പേര്‍ക്കെതിരെ പൊലീസ് കേസ്സെടുത്തു. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് കെ. പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ റെയില്‍വേ ആക്ടിലെ ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസ്സ്. റെയില്‍വേയുടെ സ്വത്തുക്കള്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.റെയില്‍വേ പൊലീസ് എസ്ഐ ഷിനോജ് കുമാറിന് പരിക്കേറ്റതിന് പ്രത്യേക കേസും രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് റെയില്‍വേ പൊലീസാണ് കേസ്സെടുത്തത്.