തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിന് മുമ്പ് ചർച്ച ചെയ്യാത്തതിൽ സി പി എമ്മി ൽ കടുത്ത അതൃപ്തി. പാർട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങളിലും ഇക്കാര്യം ചർച്ചയാകും. ആലോചനയില്ലാതെ തീരുമാനമെടുത്തത് കൊണ്ടാണ് പിൻവലിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല, വിദഗ്ധസമിതിയുടെ ശുപാർശ അനുസരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ ഏകീകരണം, എന്നൊക്കെയുള്ള വാദങ്ങൾ ഉയർത്തിയ സർക്കാരിന് ഒടുവിൽ പിടിച്ചുനിൽക്കാനാകാതെ പിന്നോട്ട് പോകേണ്ടി വരുകയായിരുന്നു. പെൻഷൻ പ്രായം പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയതും ഇടത് സംഘടനകൾ തന്നെ എതിർപ്പ് ഉയർത്തിയതും തിരുത്തലിനുള്ള കാരണങ്ങളായി.
മന്ത്രിസഭാ യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പ്രശ്നം ഉന്നയിച്ചത് മുഖ്യമന്ത്രി തന്നെയായിരുന്നു. ഉത്തരവ് ഒറ്റയടിക്ക് റദ്ദാക്കിയാൽ നിയമപ്രശ്നങ്ങൾ വരുമെന്ന് നിയമമന്ത്രി ചൂണ്ടിക്കാട്ടി. തുടർന്നാണ് 29 ലെ ധനവകുപ്പ് ഉത്തരവിൽ തുടർ നടപടി വേണ്ടെന്ന തീരുമാനമെത്തിലെത്തിയത്.
ഇതോടെ കഴിഞ്ഞ മാസം വിരമിക്കേണ്ടവരടക്കം പുറത്തേക്ക് പോകുന്ന സ്ഥിതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ ഏകീകരണം ഒരു ടെസ്റ്റ് ഡോസായും സർക്കാർ കണക്കാക്കിയിരുന്നു. അടുത്ത ബജറ്റിൽ മുഴുവൻ സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം ഒരു വർഷമെങ്കിലും കൂട്ടാൻ വരെ നീക്കമുണ്ടായിരുന്നു.