കായംകുളം> ബിജെപിക്കാർ കുത്തിക്കൊന്ന ഡിവൈഎഫ്ഐ നേതാവ് അമ്പാടിയുടെ വീട്ടിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ സന്ദർശിച്ചു. ആലപ്പുഴ കായംകുളം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം സഖാവ് അമ്പാടിയെ ആർ എസ് എസ് ബന്ധമുള്ള മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ വെട്ടി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കായംകുളത്തിന്റെ പരിസരപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു നാളുകളായി ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് ഡിവൈഎഫ്ഐ കൈകൊണ്ടിരുന്നു. ഈ വൈരാഗ്യമാണ് അമ്പാടിയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയായത്. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ഇടതടവില്ലാത്ത ജാഗ്രത ഡിവൈഎഫ്ഐ തുടരും. മയക്കു മരുന്നിനെതിരെയും അതിന്റെ വിതരണ സംഘങ്ങൾ സൃഷ്ടിക്കുന്ന അരാജകത്വത്തിനെതിരെയും ശക്തമായ പൊതുബോധം രൂപപ്പെടണം. ആ പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ തുടർന്നുകൊണ്ടിരിക്കും. സഖാവ് അമ്പാടിയുടെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.