കണ്ണൂര്: സിൽവർ ലൈൻ സർവേ കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുകളിലേക്ക് തുപ്പിക്കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2011 ലെ യുഡിഎഫ് മാനിഫെസ്റ്റോവിലും 2012 ലെ എമർജിംഗ് കേരളയിലും പ്രധാന സ്വപ്ന പദ്ധതികളായിരുന്നു കെ റെയിൽ പദ്ധതി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മുകളിലോട്ട് തുപ്പിക്കൊണ്ട് കളിക്കാം. തുപ്പൽ മറ്റുള്ളവരുടെ ദേഹത്താകരുത്. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായിരുന്നു നേതൃസ്ഥാനത്ത്. തങ്ങളുടെ കാലത്താണ് കെ റെയിൽ പദ്ധതി ആരംഭിച്ചതെന്ന കാരണത്താൽ അവർ രണ്ട് പേരും ഇപ്പോൾ മൗനത്തിലാണ്. മുകളിലോട്ട് തുപ്പിക്കളിക്കാൻ ഇവർ രണ്ടുപേരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. അങ്ങനെയായാൽ ജനങ്ങളിൽ നിന്നും യുഡിഎഫ് അണികളിൽ നിന്നും ഒറ്റപ്പെടുമെന്ന് അവർക്കറിയാം.
അതിവേഗ റെയിൽ പദ്ധതി യുഡിഎഫ് വിഭാവനം ചെയ്തിരുന്നതാണെന്ന തെളിവുകൾ ഇതിനകം പുറത്തുവന്നു. ഇനി മുതൽ കല്ല് പറിക്കാൻ അതുകൊണ്ട് തന്നെ സ്വന്തം അണികളെ കിട്ടുക എളുപ്പമല്ല. കെപിസിസി പ്രസിഡന്റ് സർവേ കല്ല് പിഴുതെറിയാൻ ഗുണ്ടാ സംഘങ്ങളെ ഏൽപ്പിച്ചിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
സുധാകര - സതീശ കോൺഗ്രസ് സംഘം കെ-റെയിലിനെതിരായി നടത്തിക്കൊണ്ടിരിക്കുന്ന സമരം ഉമ്മൻചാണ്ടി – ചെന്നിത്തല കൂട്ട് കെട്ടിനെതിരാണെന്നതും പകൽ പോലെ വ്യക്തമാണ്. വികസന തൽപ്പരരായ ജനങ്ങൾ സിൽവർ ലൈൻ റെയിൽ പദ്ധതിക്ക് എതിരല്ല. സിൽവർ ലൈൻ അടക്കമുള്ള പദ്ധതികളിലൂടെ കേരളം മികച്ച പശ്ചാത്തലമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. ഇക്കാര്യം 2021 ലെ മാനിഫെസ്റ്റോവിലൂടെ വ്യക്തമാക്കിയതാണ്. ഈ മാനിഫെസ്റ്റോവിനെ ജനങ്ങൾ പിന്തുണച്ചതു കൊണ്ടാണ് 99 സീറ്റോടെ വീണ്ടും അധികാരത്തിൽ വരാൻ എൽഡിഎഫിന് സാധിച്ചത്. വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കാൻ എൽഡിഎഫിന് സാധിക്കില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുക തന്നെ ചെയ്യുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.