കണ്ണൂര്‍ : സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം. അപവാദ പ്രചാരണമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹനം ഏര്‍പ്പെടുത്തി നല്‍കിയെന്ന പ്രചാരണം തെറ്റ്. 28 ഉടമകളില്‍ നിന്നായി നിരവധി വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തെന്നും എം.വി.ജയരാജന്‍ പറഞ്ഞു. ഉടമകളുടെ രാഷ്ട്രീയം നോക്കിയല്ല വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തത്. ബംഗാളില്‍ നിന്ന് വന്ന പിബി അംഗങ്ങള്‍ ഉള്‍പ്പെടെ കൊച്ചി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയവര്‍ക്ക് എറണാകുളം ജില്ലാ കമ്മിറ്റി തന്നെയാണ് വാഹനങ്ങള്‍ വാടകയ്ക്ക് തയാറാക്കിയത്. കോഴിക്കോട് വിമാനത്താവളത്തില്‍ ജമ്മുകാശ്മീരില്‍ നിന്ന് മൂന്നു പേര്‍ ഇറങ്ങിയിട്ട് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വാഹനം വാടകയ്ക്ക് നല്‍കിയത്.
അതിന്റെയെല്ലാം തുക കണ്ണൂരില്‍ വച്ചാണ് നല്‍കിയത്. കൊച്ചിയില്‍ നിന്ന് രണ്ട് രീതിയില്‍ ആണ് വാഹനങ്ങള്‍ ശരിയാക്കിയത്. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് പ്രതിനിധി സഖാക്കളെ വാഹനങ്ങളില്‍ എറണാകുളം സൗത്ത് റെയ്ല്‍വേ സ്റ്റേഷനിലെത്തിച്ച് മാവേലി എസ്‌ക്പ്രസിലും പിബി അംഗങ്ങളെ കാറിലുമാണ് കണ്ണൂരിലേക്ക് എത്തിച്ചത്. കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹനം ഏര്‍പ്പെടുത്തിയെന്ന പ്രചാരണം ശരിയല്ലെന്നും എം.വി.ജയരാജന്‍ പറഞ്ഞു.
വാഹനം വാടകയ്ക്ക് എടുത്തു. അതില്‍ നേതാക്കളും പ്രതിനിധികളും എത്തുന്നു. അതൊന്നും വിവാദമാക്കേണ്ട കാര്യമില്ല. കണ്ണൂരിലെ ഒരു പ്രമുഖ ട്രാവല്‍ ടൂറിസം ഏജന്‍സിയുമായി ബന്ധപ്പെട്ട് വാഹനങ്ങളെടുക്കുകയാണ് ചെയ്തത്. യെച്ചൂരി സ്ഥിരിമായി ഉപയോഗിച്ചത് കെഎല്‍ 13 എയു 2707 എന്ന വാഹനം ആണ്. അതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക് വരാന്‍ ട്രാവല്‍ ഏജന്‍സി പല വാഹനങ്ങളും തരപ്പെടുത്തിയിരുന്നു. ആ ദൃശ്യമായിരിക്കാം ബിജെപി കാണിക്കുന്നതെന്നും എം.വി.ജയരാജന്‍ പറഞ്ഞു.
അതേസമയം, ഒരു സുഹൃത്തിന് വാടകയ്ക്ക് നല്‍കിയ വാഹനമാണ് സീതാറാം യെച്ചൂരി സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനിടയില്‍ ഉപയോഗിച്ചതെന്ന് വാഹന ഉടമായായ സിദ്ദിഖ് പുത്തന്‍പുരയിലും പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ക്കായല്ല വാഹനം നല്‍കിയത്. തന്റെ സുഹൃത്തിന് റെന്റിന് നല്‍കുകയായിരുന്നു. വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് തന്റെ വാഹനമാണ് യെച്ചൂരി ഉപയോഗിച്ചതെന്ന വിവരം താന്‍ അറിഞ്ഞതെന്നും സിദ്ദിഖ് ട്വന്റി ഫോറിനോട് പറഞ്ഞു.
തന്റെ പേരില്‍ നിലവില്‍ ഒരു കേസു പോലുമില്ല. ബിജെപി ആരോപണങ്ങള്‍ ഒരു തരത്തിലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ സജീവ മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ്. എന്നാല്‍ എസ്ഡിപിഐ ആയി ചിത്രീകരിക്കാനുള്ള ബിജെപി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. തനിക്ക് എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന് തെളിക്കാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നതായും സിദ്ദിഖ് പുത്തന്‍പുരയില്‍ പറഞ്ഞു.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാര്‍ എസ്ഡിപിഐ ബന്ധമുള്ള ക്രിമിനില്‍ക്കേസ് പ്രതിയുടേതെന്നായിരുന്നു ബിജെപി ആരോപണം. പാര്‍ട്ടി കോണ്‍ഗ്രസിനായി കണ്ണൂരിലെത്തിയ യെച്ചൂരിയുടെ യാത്രക്കായാണ് പാര്‍ട്ടി പ്രത്യേക വാഹനം ഒരുക്കി നല്‍കിയത്. പി.ബി അംഗങ്ങളുള്‍പ്പെടെയുള്ള എല്ലാ പ്രധാനപ്പെട്ട നേതാക്കള്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക് വരുന്നതിനും പോകുന്നതിനും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായും പ്രത്യേക വാഹനങ്ങള്‍ ഒരുക്കി നല്‍കിയിരുന്നു. ഇതില്‍ സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനത്തെ സംബന്ധിച്ച ഗുരുതരമായ ആരോപണം ബിജെപി ഉയര്‍ത്തുന്നത്.
ഇരിങ്ങണ്ണൂര്‍ സ്വദേശി ചുണ്ടയില്‍ സിദ്ദിഖിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കെഎല്‍ 18 എബി 5000 എന്ന നമ്പറിലുള്ള ഫോര്‍ച്യൂണര്‍ വാഹനം ആണ് അന്ന് ഉപയോഗിച്ചത്. ഇദ്ദേഹം നാദാപുരം മേഖലയിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് ബിജെപി ഉയര്‍ത്തുന്ന പ്രധാന ആരോപണം. ഒപ്പം ഇദ്ദേഹം സിപിഐഎമ്മുമായി സഹകരിക്കുന്ന ആളാണ്. സിപിഐഎമ്മില്‍ അംഗമോ നേതാവോ ഒന്നുമല്ല സഹകരിക്കുന്ന ആളാണ്. പക്ഷേ എസ്ഡിപിഐയുമായി ഏറ്റവും അടുത്ത ബന്ധമുള്ള ആളാണെന്നും ബിജെപി ആരോപിക്കുന്നു.
എസ്ഡിപിഐ സിപിഐഎം ബന്ധത്തിന്റെ തെളിവാണ് ഇത്. എസ്ഡിപിഐയുമായെല്ലാം സഹകരിക്കുന്ന സിപിഐഎമ്മിന്റെ ക്രിമിനല്‍ സഖ്യത്തിന്റെ തെളിവാണ് ഇത്. കോഴിക്കോട് ജില്ലാ സെക്രട്ടറി നേരിട്ടാണ് ഈ വാഹനം ഒരുക്കി നല്‍കിയതെന്നും ബിജെപി ആരോപിച്ചിരുന്നു.