കണ്ണൂര്‍: ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ ‘കാലംസാക്ഷി’ കേരളത്തിലെ കോണ്‍ഗ്രസിന്റെ കാലനായി മാറുമെന്ന് ആരും കരുതിയില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുണ്ടായ മൈക്ക് പിടിവലി കോണ്‍ഗ്രസിന് പുലിവാല് സൃഷ്ടിച്ചു. അപ്പോഴാണ് പാഴായ ഭൂരിപക്ഷ പിന്തുണ എന്ന ‘കാലംസാക്ഷി’യുടെ അധ്യായത്തില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനായി ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഭൂരിപക്ഷവും ചെന്നിത്തലയോടൊപ്പമാണെന്ന സത്യം ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയത് പുറത്തുവന്നതെന്നും എംവി ജയരാജന് പറഞ്ഞു. മൈക്ക് പിടിവലി സതീശനെതിരായ പൊതുവികാരം കോണ്‍ഗ്രസ് അണികളില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ചെന്നിത്തലക്ക് അനുകൂലമായ രാശിയാണിപ്പോള്‍ എന്നാണ് കോണ്‍ഗ്രസുകാര്‍ അടക്കം പറയുന്നതെന്നും എംവി ജയരാജന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.