കണ്ണൂർ : കെ റെയിൽ വിശദീകരണ യോഗം നടക്കുന്ന വേദിയിലേക്ക് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായി എത്തിയ സംഭവത്തിൽ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. യൂത്ത് കോൺഗ്രസുകാർ നടത്തിയത് ഗുണ്ടായിസമാണെന്ന് അദ്ദേഹം പറഞ്ഞു. വന്നത് ഗുണ്ടകളാണ്. പരിപാടി നടത്താൻ അനുമതിയുണ്ടായിരുന്നു. കല്ല് പിഴുത് മാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടാ സംഘമാണ് എത്തിയത് എന്നും എം വി ജയരാജൻ പറഞ്ഞു. അതേസമയം പ്രതിഷേധത്തിന് എത്തിയവരെ എല്ലാവർക്കും അറിയുന്നതാണെന്നും അവരെ ഗുണ്ടകളെന്ന് പറയാൻ ജയരാജന് അവകാശമില്ലെന്നും കണ്ണൂർ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് പ്രതികരിച്ചു.
സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമം നടത്തിയത്. ഡ്രൈവർമാരെ വെച്ചാണ് അതിക്രമം നടത്തിയത്. പ്രതിഷേധം അറിയിക്കാൻ വേണ്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. അക്രമിക്കാനല്ല അവർ എത്തിയത്. പോലീസിന് പറ്റിയ വീഴ്ച്ചയെങ്കിൽ നടപടിയെടുക്കണം. പോലീസ് വസ്തുത മനസിലാക്കി വേണം കേസെടുക്കാനെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത പരിപാടിയിലേക്കായിരുന്നു ഇരുപതോളം വരുന്ന പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും നേരെ മർദ്ദനമുണ്ടായി. സംഭവത്തിൽ 6 പേരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവരെയാണ് റിമാൻഡ് ചെയ്തത്.
ജയ് ഹിന്ദ് ടി വി ഡ്രൈവർ മനീഷ് കൊറ്റാളിയും റിമാൻഡിലായവരിൽ ഉൾപ്പെടുന്നു. സർക്കാരിന്റെ സിൽവർ ലൈൻ വിശദീകരണ യോഗമായ ജനസമക്ഷം സിൽവർ ലൈൻ എന്ന പരിപാടിക്കിടയായിരുന്നു സംഘർഷം. രാവിലെ പത്തരയോടെയാണ് മന്ത്രി എം.വി. ഗോവിന്ദൻ പങ്കെടുത്ത വേദിയിലേക്ക് പ്രതിഷേധമുണ്ടായത്. പരിപാടി തുടങ്ങി 20 മിനിറ്റിന് ശേഷമാണ് ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പരിപാടി നടക്കുന്ന കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിനുള്ളിലേക്ക് പ്രവർത്തകർ കയറാൻ ശ്രമിച്ചു. യോഗം നടക്കുന്ന ഹാളിന്റെ വാതിൽ അടിച്ച് തുറക്കാനുള്ള ശ്രമം നടത്തി. തുടർന്ന് സംഘടകരും സി പി എം നേതാക്കളായ പി.ജയരാജൻ എം വി ജയരാജൻ തുടങ്ങിയവർ ചേർന്ന് വാതിൽ അടച്ച് പ്രതിഷേധക്കാരെ ഹാളിന് പുറത്താക്കി.
വീണ്ടും പ്രതിഷേധിച്ച പ്രവർത്തകരും പോലീസും കെ റയിൽ അനുകൂലികളും തമ്മിൽ ഉന്തും തള്ളും അടിപിടിയുണ്ടായി. ഇതിനിടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ജയ്ഹിന്ദ് ടി വി ഡ്രൈവർ മനീഷ് കൊറ്റാളിക്കും റിപ്പോർട്ടർ ധനിത് ലാലിനുമെതിരെയും ആക്രമണമുണ്ടായി. മന്ത്രിയടക്കം പങ്കെടുത്ത പരിപാടിക്കിടയിലേക്ക് പ്രതിഷേധമുണ്ടാകുമെന്ന് ഇന്റലിജൻ സ് മുന്നറിയിപ്പുണ്ടായിട്ടും പ്രതിഷേധം തടയാൻ പോലീസിനായില്ല എന്ന ആക്ഷേപം നിലനിൽക്കുകയാണ്.