കോഴിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും കേന്ദ്രീകരിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നീ വാഹനങ്ങൾ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ നടത്തും. രക്ഷിതാക്കളും അധ്യാപകരും ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതാത് സ്ഥലത്തെ ഓഫീസുകളിൽ അറിയിച്ചാൽ ഉടൻ തന്നെ നടപടി സ്വീകരിക്കുന്നതാണെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷം അതിരുവിടുമെന്ന നിഗമനത്തെ തുടർന്നാണ് എംവിഡിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം സെന്‍റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ അപകടകരമായി വാഹനങ്ങളോടിച്ചതിന് കോഴിക്കോട്ട് പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസ് എടുത്തിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും, മുക്കം കള്ളന്‍തോട് എംഇഎസ് കോളേജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്. ജെസിബിയടക്കം ഒന്‍പത് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. മലബാർ ക്രിസ്ത്യന്‍ കോളേജ് ഹയർ സെക്കണ്ടറി സ്കൂളില്‍ ഇന്നലെ വൈകീട്ട് നടന്ന ആഘോഷപരിപാടികളിലാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടന്നത്. കോളജ് ഗ്രൗണ്ടില്‍ കാറുകളും ബൈക്കുകളും അമിതവേഗതയില്‍ ഓടിക്കുന്നതിനിടെ അപകടവും ഉണ്ടായി. ബൈക്കില്‍ നിന്ന് തെറിച്ചു വീണെങ്കിലും വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതല്ല. മുക്കം കള്ളന്‍തോട് എംഇഎസ് കോളേജിലാകട്ടെ ജെസിബി അടക്കമുളള വാഹനങ്ങളിലായിരുന്നു വിദ്യാർത്ഥികളുടെ ആഘോഷം.