ഓട്ടവ : യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ വീട് നഷ്ടമായ ആയിരക്കണക്കിനു മനുഷ്യർ അയൽ രാജ്യങ്ങളിൽ അഭയം തേടി. അവര്‍ക്കായി ലോകം മുഴുവൻ വാതിലുകൾ തുറന്നു. തങ്ങൾക്കു സാധിക്കുന്ന വിധം അഭയാർഥികൾക്കായി സ്നേഹത്തിന്റെ കരങ്ങൾ നീട്ടിയ കാനഡയിലെ ദമ്പതികളും ചെയ്തത് അതു തന്നെയാണ്.
കാനഡയിലെ വാൻകൂവറിൽ ദ്വീപ് സ്വന്തം ഉടമസ്ഥയിൽ ഉള്ള ദമ്പതികളാണ് ബ്രിയാനും ഷാരോൺ ഹോളോവെഷക്കും. ദ്വീപിലെ പതിനയ്യായിരം സ്ക്വയർ ഫീറ്റിലുള്ള വസതി യുക്രെയ്ൻ അഭയാർഥികൾക്കായി തുറന്നുനൽകിയിരിക്കുകയാണ് ദമ്പതികൾ. ‘യുക്രെയ്ൻ സേഫ് ഹെവൻ’ എന്നു പേരു മാറ്റിയാണു സ്വവസതി അഭയാർഥികൾക്കുള്ള സ്നേഹഭവനമാക്കി മാറ്റിയത്. ഇവിടെ എത്തുന്നവർക്കു ഭക്ഷണവും വിദ്യാഭ്യാസം തുടരാനുള്ള സൗകര്യവും പുനരധിവാസത്തിനുള്ള സഹായവും ലഭിക്കും.
100 അഭയാർഥികളെ സ്വാഗതം ചെയ്യുന്നതിനായി വസതി ഒരുക്കുകയാണെന്നു വീട്ടുടമ ബ്രിയാൻ പറഞ്ഞു. ഒന്നു-രണ്ട് ആഴ്ചകൾക്കുള്ളിൽ എത്താൻ സാധ്യതയുള്ള 19 അഭയാർഥികൾക്കായി തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. വർഷങ്ങൾക്കു മുൻപ് യുക്രെയ്നിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയവരാണ് വീട്ടുടമസ്ഥനായ ഗ്രിയാന്റെ പൂർവികർ. അതുകൊണ്ട് ഇത്തരമൊരു മാതൃകാതീരുമാനമെടുക്കാൻ ഇവർക്ക് വൈകാരികമായ കാരണങ്ങൾ കൂടിയുണ്ട്. അഭയാർഥികൾക്ക് ദ്വീപിനെക്കുറിച്ചും റിസോർട്ടിനെക്കുറിച്ചും അറിയാനായി വെബ്സൈറ്റിനും ദമ്പതികൾ രൂപം നൽകിയിട്ടുണ്ട്.