കൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേപ്പാടി പഞ്ചായത്തിൽ മൂന്ന് വാർഡുകളിലായി കുടുംബശ്രീ വഴി എടുത്ത ലോൺ മാത്രം 6 കോടി രൂപയാണ്. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ സജീവമായിരുന്ന 47 സ്ത്രീകളാണ് മരിച്ചത്. വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത ലിങ്കേജ് ലോണുകളടക്കം 3 കോടി രൂപയാണ് തിരിച്ചടക്കാനുള്ളതെന്നും ജില്ലാ മിഷൻ അറിയിച്ചിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ട് ക്യാംപിൽ കഴിയുന്നവരുടെ ഈ ലോണുകൾ എഴുതിത്തള്ളണമെന്ന് ആവശ്യത്തിന് ഇതുവരെ തീരുമാനമായിട്ടില്ല.
മേപ്പാടി പുഴമൂലയിൽ ബന്ധുക്കൾക്കൊപ്പം കഴിയുന്ന അഭിനന്ദിന് അച്ഛനും അമ്മയും ഉരുൾപൊട്ടലിൽ പോയി. മാനന്തവാടിയിലെ ഹോസ്റ്റലിൽ ആയതു കൊണ്ട് മാത്രമാണ് അഭിനന്ദ് രക്ഷപ്പെട്ടത്. അന്ന് വൈകുന്നേരം വരെ ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ അമ്മയുടെ ബോഡി കിട്ടിയപ്പോൾ ഉറപ്പായി, ഇനി ആരും ജീവനോടെ കിട്ടില്ലെന്ന്. നാല് പേരുടെയും ബോഡി കിട്ടി. അമ്മയോട് എല്ലാർക്കും ഭയങ്കര സ്നേഹായിരുന്നു. സിഡിഎസ് ആയിരുന്നു. പെൻഷൻ വാങ്ങുന്ന ആൾക്കാരൊക്കെ എപ്പോഴും വരും. അമ്മയുടെ ഒരു താലി മാത്രം കിട്ടി, ചെയിനില്ല. അത് അമ്മ കയ്യിലിങ്ങനെ പിടിച്ചിട്ടുണ്ടായിരുന്നു. സിഡിഎസ് അംഗമായ അഭിനന്ദിന്റെ അമ്മ സതീദേവി അടക്കം 47 കുടുംബശ്രീ അംഗങ്ങളാണ് ദുരന്തത്തിൽ മരിച്ചത്.
ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും 62 അയൽക്കൂട്ടങ്ങളാണ് കുടുംബശ്രീക്കുള്ളത്. ആകെ 685 അംഗങ്ങൾ. ലിങ്കേജ് വായ്പ ഇനത്തിൽ 3 കോടി 60 ലക്ഷം രൂപയാണ് ഇവർക്ക് തിരിച്ചടവുള്ളത്. സംരംഭകത്വ വായ്പ, മൈക്രോലോൺ, പ്രളയാനന്തര ഫണ്ട്, പ്രവാസി ഭദ്രത ലോൺ എന്നിങ്ങനെ രണ്ടരക്കോടി പിന്നെയും. ദുരന്തത്തിന്റെ നടുക്കത്തിൽ മോചിതരാകാതെ ക്യാപുകളിൽ കഴിയുന്ന ഇവർ ലോണുകൾ എങ്ങനെ തിരിച്ചടക്കുമെന്ന ആധിയിലാണ്. വായ്പകൾ എഴുതിത്തള്ളണമെന്നാണ് ഇവരുടെ ആവശ്യം.