യാങ്കൂൺ: മുൻ എംപി ഉൾപ്പെടെ നാല് ജനാധിപത്യ പ്രവർത്തകരെ മ്യാൻമർ സൈന്യം വധിച്ചു. ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിന് സഹായം നൽകി എന്നതാണ് ഇവർക്കു മേൽ ആരോപിക്കപ്പെട്ട കുറ്റം. ഒരു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യത്ത് ദശാബ്ദങ്ങൾക്കിടിയിൽ ആദ്യമായി നടപ്പാക്കുന്ന വധശിക്ഷയാണിതെന്നാണ് റിപ്പോർട്ട്. ആക്റ്റിവിസ്റ്റ് കൊ ജിമ്മി, രാഷ്ട്രീയ നേതാവ് ഫോയെ സെയ ത്വാ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.
അടച്ചിട്ട മുറിയിൽ നടന്ന വിചാരണയ്ക്ക് ഒടുവിലാണ് ഇവരെ വധശിക്ഷയ്ക്കു വിധേയമാക്കിയത്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. നാലു പേർക്കെതിരെയും ഭീകരവിരുദ്ധ നിയമപ്രകാരവും പീനൽ കോഡ് പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ടെന്നും ജയിൽ നടപടിക്രമങ്ങൾ പാലിച്ചാണ് ശിക്ഷ നടപ്പാക്കിയതെന്നും മ്യാൻമർ പ്രാദേശിക മാധ്യമം റിപ്പോർട്ടു ചെയ്തു. ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ട നിർദേശങ്ങൾ നൽകുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുകയും ചെയ്തെന്നാണ് മ്യാൻമർ പ്രാദേശിക പത്രം ഗ്ലോബൽ ന്യൂസ് ലൈറ്റ് ഓഫ് മ്യാൻമർ റിപ്പോർട്ടു ചെയ്തത്. മ്യാൻമറിൽ 1988നു ശേഷം ആദ്യമായാണ് വധശിക്ഷ നടപ്പാക്കുന്നതെന്ന് യുഎൻ അറിയിച്ചു.