ദില്ലി : ദില്ലിയില്‍ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍റെ ദുരൂഹമരണത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി. ദ്വാരക സെക്ടർ 15 ശിവാനി എൻക്ലേവ് നിവാസിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ പിപി സുജാതന്റെ ദുരൂഹമരണത്തിൽ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ ഉടനടി കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻ (FAIMA) മഹാരാഷ്ട്ര സംസ്ഥാന ഘടകം കേരള മുഖ്യമന്ത്രിയ്ക്കും മറ്റ് കേന്ദ്രമന്ത്രിമാർക്കും പരാതി നൽകി. സംഭവത്തില്‍ ആന്റോ ആന്റണി എംപി ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തയച്ചു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ ആവശ്യമായ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്എൻഡിപി ശാഖ സെക്രട്ടറിയാണ് സുജാതൻ. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ദില്ലിയിലാണ് സുജാതൻ താമസിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി പോയ സുജാതനെ കാണാതായിരുന്നു. ഇന്നലെ ഉച്ചയോടെ വീടിനടുത്തുള്ള പാർക്കിൽ ഒരു മൃതദേഹം കണ്ടതായി നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് മൃതദേഹം സുജാതൻ്റേതാണെന്ന് തിരിച്ചറിയുന്നത്. ദ്വാരകയിൽ കക്രോളയിലാണ് സംഭവം. സുജാതൻ്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടത്.