ജപ്പാനിലെ ഒരു പ്രാദേശിക ബീച്ചിൽ തികച്ചും നിഗൂഢമായ ഒരു വസ്തു അടിഞ്ഞു. അതൊരു ഇരുമ്പ് ബോളായിരുന്നു. കുറേ നേരത്തേക്ക് പ്രദേശവാസികളെയും അധികൃതരേയും ഒരുപോലെ ആശങ്കയിലാക്കി ഈ പന്ത്. കുറേ നേരത്തേക്ക് അന്വേഷണം നടക്കുന്നതിന്റെ ഭാഗമായി ഇവിടേക്ക് ആളുകൾക്ക് പ്രവേശനം നിഷേധിച്ചു.
ആസാഹി ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച്, ടോക്കിയോയിൽ നിന്ന് 155 മൈൽ അകലെയുള്ള തെക്കൻ തീരദേശ നഗരമായ ഹമാമത്‌സുവിലുള്ള ഒരു നാട്ടുകാരൻ തന്നെയാണ് നിഗൂഢമായ പന്ത് കണ്ടതായി ആദ്യം പറഞ്ഞത്. ഇയാൾ രാവിലെ ഒമ്പത് മണിയോടെ പൊലീസിനെ വിളിക്കുകയായിരുന്നു. പിന്നീട്, ഒരു വലിയ വൃത്താകൃതിയിലുള്ള വസ്തു കടൽത്തീരത്ത് ഒഴുകി നടക്കുന്നുണ്ട് എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഏകദേശം 1.5 മീറ്ററാണ് ഈ പന്തിന്റെ വ്യാസമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദഗ്ധർ എക്‌സ്-റേ സാങ്കേതികവിദ്യ ഉപയോഗിച്ച് വസ്തുവിന്റെ ഉൾഭാഗം പരിശോധിച്ചു. തുടർന്ന് ഇതിന്റെ അകം പൊള്ളയാണെന്ന് കണ്ടെത്തി. ഉഗ്രശേഷിയുള്ള മൈൻ എങ്ങനെയോ ഇവിടെ എത്തിച്ചേർന്നതായിരിക്കാം ഇത് എന്ന ആശങ്കയും ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു. തുടർന്ന് സുരക്ഷാ വസ്ത്രം ധരിച്ച ശേഷമാണ് അവർ എത്തിച്ചേർന്നത്.
ഇതിന്റെ ചിത്രങ്ങൾ അധികം വൈകാതെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇവിടെ ഏർപ്പെടുത്തിയ നിയന്ത്രണം വൈകുന്നേരം നാല് മണിയോട് കൂടി പിൻവലിച്ചു. എന്നാൽ, ഇത് എന്താണ് എന്നതിനെ ചൊല്ലി പലവിധത്തിലുള്ള ചർച്ചകളും ഊഹാപോഹങ്ങളും അതിനിടയിൽ വ്യാപിച്ചിരുന്നു.
നേരത്തെ ചൈന അയച്ച ചാര ബലൂൺ യുഎസ് വെടിവെച്ച് വീഴ്ത്തിയിരുന്നു. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ ജപ്പാൻ തീരത്തടിഞ്ഞ പന്തിന്റെ രൂപത്തിലുള്ള വസ്തുവും വളരെ വേഗം തന്നെ വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു. പന്തിനെ ചൊല്ലി കൂടുതൽ അന്വേഷണം നടക്കുകയാണ്.