തിരുവനന്തപുരം: വിശ്വാസസംബന്ധമായ വിഷയങ്ങളില്‍ പരാമര്‍ശങ്ങള്‍ ജാഗ്രതയോടെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മിത്ത് വിവാദം പരാമര്‍ശിക്കാതെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ധാരാളം വിശ്വാസികള്‍ എല്‍ഡിഎഫിനൊപ്പമുണ്ട്. പരാമര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയപ്പെടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. മിത്ത് വിവാദത്തില്‍ ഇതുവരെയും മുഖ്യമന്ത്രി പരസ്യപ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, മിത്ത് വിവാദം നിയമസഭയില്‍ ആളിക്കത്തിക്കേണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്. വര്‍ഗ്ഗീയശക്തികളുടെ മുതലെടുപ്പിന് തടയിടാനാണ് മിത്ത് സഭയില്‍ കത്തിക്കേണ്ടെന്ന തീരുമാനത്തിലേക്ക് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമെത്തിയത്. വിശ്വാസ പ്രശ്‌നം ശക്തമായി ഉന്നയിച്ച എന്‍എസ്എസ് കൂടുതല്‍ പ്രത്യക്ഷ സമരം വേണ്ടെന്ന് തീരുമാനിച്ചത് പക്വമായ നിലപാടെന്ന് യുഡിഎഫ് പ്രശംസിച്ചു.