തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി. നിയമസഭയിലേക്ക് ബിജെപി നാമജപ പദയാത്ര ഇന്ന് നടത്തും. സ്പീക്കര്‍ മാപ്പ് പയണമെന്നാണ് ആവശ്യം. സ്പീക്കര്‍ നിലപാട് തിരുത്തണമെന്ന ആവശ്യം സജീവമായി നിലനിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നാമജപ പദയാത്ര ഉദ്ഘാടനം ചെയ്യും. കഴിഞ്ഞദിവസം ഗണപതി നിന്ദയില്‍ സ്പീക്കര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ വിവിധ ഹൈന്ദവ സംഘടനകള്‍ ദേവസ്വം ആസ്ഥാനങ്ങളിലേക്കും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
സ്പീക്കറുടെ മതനിന്ദ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ചു.വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും കെ സുരേന്ദ്രന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എ എന്‍ ഷംസീറിനെതിരെ കേസെടുക്കണമെന്ന് സുരേന്ദ്രന്‍ വ്യകത്മാക്കി. നിയമവ്യവസ്ഥ അനുസരിച്ച് മതത്തേയും ആചാരത്തേയും പരസ്യമായി അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. സ്പീക്കര്‍ നടത്തിയത് ഏറ്റവും മോശം പരാമര്‍ശമാണ്. മതത്തെ ആക്ഷേപിക്കുന്നതിന് വേണ്ടി മാത്രമാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.