ഇംഫാൽ : മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ബിരേൻ സിങ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ള നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ബിരേൻ സിങ്ങിനെ ഐകകണ്ഠ്യേനയാണ് ബിജെപി മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്. മണിപ്പൂരിൽ ബി ജെ പി വ്യക്തമായ ആധിപത്യം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം വൈകുകയായിരുന്നു. ബിരേൻ സിംഗും മുതിർന്ന എം എൽ എ ബിശ്വജിത് സിംഗും തമ്മിലുള്ള തർക്കമായിരുന്നു കാരണം. കേന്ദ്ര നിരീക്ഷകരിൽ ഒരാളായ നിർമല സീതാരാമൻ ആണ് ഇന്നലെ തീരുമാനം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിവെച്ചാണ് മണിപ്പൂരിൽ ബിജെപി ഭരണത്തുടർച്ചയുറപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയും മണിപ്പൂരിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുകയാണ്. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഒൻപത് സീറ്റുകൾ നേടി എൻപിപി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വികസനം പറഞ്ഞ് വോട്ടു പിടിച്ചാണ് ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായത്. മുഖ്യമന്ത്രി ബിരേൻ സിംഗ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ താര സ്ഥാനാർഥികള്‍ അധികവും വിജയിച്ചു.
മത്സരിച്ച ഇരുപത് മണ്ഡലങ്ങളിൽ ഒന്‍പത് സീറ്റ് നേടിയ നാഷണൽ പീപ്പിൾസ് പാർട്ടി ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കരുത്തുറ്റ കക്ഷിയായി മാറി. പതിനഞ്ച് വർഷം തുടർച്ചയായ മണിപ്പൂർ ഭരിച്ച കോൺഗ്രസിന് ഇത്തവണ രണ്ടക്കത്തിൽ പോലും എത്താൻ കഴിഞ്ഞില്ല. പരാജയപ്പെട്ടവരിൽ മണിപ്പൂർ പിസിസി പ്രസിഡന്‍റ് എൻ. ലോകൻ സിംഗുമുണ്ട്. നാഗ ഗോത്ര മേഖലകളിൽ മാത്രം മത്സരിച്ച എൻപിഎഫിന് കോൺഗ്രസിനേക്കാൾ സീറ്റ് നേടാനായി. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് തന്നെ കോൺഗ്രസ് പാടെ തുടച്ചു മാറ്റപ്പെട്ടു.