തിരുവനന്തപുരം; ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ സിൻഡിക്കേറ്റ് നിയമനത്തിനെതിരെ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതി. ആയിരക്കണക്കിന് യുവജനങ്ങളെ കാനഡ, യുകെ, ആസ്ട്രേലിയ സ്വിറ്റ്സർലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് കയറ്റി അയക്കുന്ന സാൻഡാമോണിക്ക എന്ന സ്ഥാപനത്തിൻറെ ഡയറക്ടറായ ഡോ: റെനിസെബാസ്റ്റ്യനാണ് സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം നൽകിയത്.
സംസ്ഥാനത്തെ വിദ്യാർഥികളെ വിദേശത്തേക്ക് കയറ്റി അയക്കുന്ന ഒരു സ്ഥാപനത്തിന്റെ ഡയറക്ടറെ സർവകലാശാല സിൻഡിക്കേറ്റിലേക്ക് നിയോഗിക്കുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ തെറ്റായ സന്ദേശത്തിന് വഴിവെക്കുമെന്നും ഈ നാമനിർദേശം അടിയന്തിരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
റെനി മാസപ്പടി ആരോപണം നേരിടുന്ന സാന്‍റാമോണിക്ക എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടർ എന്നാണ് പരാതി. വീണ വിജയന് മാസപ്പടി നൽകുന്ന സ്ഥാപനം എന്ന ആരോപണം ഉയർന്നുവെന്ന് പരാതിയില്‍ പറയുന്നു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിൻറെ ഹബ്ബാക്കിമാറ്റുന്നതിനും വിദ്യാർഥികൾ കൂട്ടത്തോടെ വിദേശത്തേക്ക് പലായനം ചെയ്യുന്നത് തടയുന്നതിനും വേണ്ടി സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും സംസ്ഥാനത്ത് ആരംഭിക്കാൻ പച്ചക്കൊടി കാട്ടിയ സംസ്ഥാന സർക്കാരാണ്,ഇവിടെ നിന്നും വിദ്യാർഥികളെ വിദേശത്തേക്ക് കയറ്റി അയക്കുന്ന ഏജൻസിയുടെ വിശ്വാസ്യത വർധിപ്പിക്കാൻ ഏജൻസിയുടെ ഡയറക്ടർക്ക് സിൻഡിക്കേറ്റ് അംഗത്വം നൽകിയിരിക്കുന്നതെന്നും പ്രസ്താവനയിൽ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി അറിയിച്ചു.