ദില്ലി: ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഒരുവര്‍ഷമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതടക്കമുള്ള ആവശ്യങ്ങള്‍ ഉപാധികളില്ലാതെ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. സമരം അവസാനിപ്പിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് ഇന്നോ വ്യാഴാഴ്ചയോ ഉണ്ടാകും. കര്‍ഷരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു.
ആവശ്യങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ ഉടന്‍ സമരം അവസാനിപ്പിക്കുമെന്ന് ബികെയു ഹരിയാന നേതാവ് ഗുര്‍ണം സിങ് ചരുണി, ഓള്‍ ഇന്ത്യ കിസാന്‍ സഭ നേതാവ് അശോക് ധാവ്‌ലെ എന്നിവര്‍ പറഞ്ഞു. ഇനിയും അംഗീകരിക്കാത്ത ആവശ്യങ്ങളിന്മേല്‍ സര്‍ക്കാറുമായി ചര്‍ച്ച തുടരും. സമരക്കാര്‍ക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. താങ്ങുവില സംബന്ധിച്ച കര്‍ഷകരുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. കര്‍ഷക സംഘനകളുടമായി ചര്‍ച്ച നടത്താതെ ഇലക്ട്രിസിറ്റി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരില്ലെന്നും കേന്ദ്രം ഉറപ്പ് നല്‍കി.
അതേസമയം ലഖിംപുര്‍ വിഷയത്തില്‍ നിയമപരമായ നടപടികള്‍ പുരോഗമിക്കുകയാണ്. അതിനാല്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുന്നതില്‍ കേന്ദ്രം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇതിനെതിരെയുള്ള സമരപരിപാടികളില്‍ യുപി കര്‍ഷക സംഘടനകള്‍ തീരുമാനമെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സമരത്തിനിടെ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പഞ്ചാബ് മോഡല്‍ നഷ്ടപരിഹാരം വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായവും ആശ്രിതരില്‍ ഒരാള്‍ക്ക് ജോലിയും നല്‍കണം. സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലെ കര്‍ഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നില്‍ക്കുമ്പോഴാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്.
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാര്‍ലമെന്റെ്, പിന്‍വലിക്കല്‍ ബില്‍ പാസാക്കിയതോടെ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിര്‍ത്തിയിലെ ഉപരോധ സമരം തുടരുന്നതില്‍ സംഘടനകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. പഞ്ചാബിലെ 32 സംഘടനകളില്‍ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിര്‍ക്കുകയാണ്. സമരരീതി മാറ്റിയില്ലെങ്കില്‍ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവര്‍ ഉന്നയിക്കുന്നു. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കുന്ന വലിയ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്.