ചെന്നൈ: പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പാലക്കാട് നിന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ന് രാവിലെ നാല് മണിയോടെ പാലക്കാട് തിരുവായൂരിൽ നിന്നാണ് 24 മണിക്കൂറിനകം കുട്ടിയെ വീണ്ടെടുത്തതത്. ഒരു പ്രതി പിടിയിലായതായി പൊള്ളാച്ചി പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് രണ്ട് സ്ത്രീകൾ ചേർന്ന് പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്ന് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ട് പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും കുട്ടിയേയും കൊണ്ട് സ്ത്രീകൾ ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. 2 ഡിഎസ്പിമാരുടെ ചുമതലയിൽ 12 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഉടനടി അന്വേഷണം തുടങ്ങി.
24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 769 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ. പൊള്ളാച്ചി മുതൽ കോയമ്പത്തൂർ വരേയും പിന്നീട് പാലക്കാട്ടേക്കും അന്വേഷണം നീണ്ടു. ഒടുവിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ പൊള്ളാച്ചി, പാലക്കാട് പൊലീസിന്‍റെ സംയുക്ത പരിശോധനയിൽ കൊടുവായൂർ സ്വദേശിനിയുടെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
പൊലീസ് സംഘം തിരികെ പൊള്ളാച്ചിയിലെത്തി ജൂലൈ കുമാരൻ നഗർ സ്വദേശി യൂനിസ്,ഭാര്യ ദിവ്യ ഭാരതി എന്നിവർക്ക് കുഞ്ഞിനെ തിരികെ ഏൽപ്പിച്ചു. ഒരാളെ പാലക്കാട് നിന്ന് പിടികൂടിയിട്ടുണ്ട്. രണ്ടാമത്തെയാൾക്കായി അന്വേഷണം തുടരുകയാണ്. തട്ടിക്കൊണ്ടുപോകലിന്‍റെ കാരണം ഉൾപ്പെടെ അന്വേഷിച്ച് വരികയാണെന്ന് കോയമ്പത്തൂർ എസ്പി ബദ്രി നാരായണൻ പറഞ്ഞു.