മുംബൈ: ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയുടെ പേഴ്‌സണൽ അസിസ്റ്റന്റെന്ന വ്യാജേന മഹാരാഷ്ട്രയിലെ ബിജെപി എം എൽ എമാർക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. നിരവധി ബിജെപി എംഎൽഎമാരെ കബളിപ്പിക്കാൻ ശ്രമിച്ചതിന് ഗുജറാത്തിലെ മോർബി സ്വദേശിയായ നീരജ് സിംഗ് റാത്തോഡിനെയാണ് നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വികാസ് കുംഭാരെ, തേക്ചന്ദ് സവർക്കർ, താനാജി മുത്കുലെ, നാരായൺ കുചെ എന്നീ നാല് ബിജെപി എംഎൽഎമാരുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാരിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. മന്ത്രിസഭാ വികസനത്തിൽ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു ഇയാഴെന്ന് പൊലീസ് വ്യക്തമാക്കി. നദ്ദയുടെ ശബ്ദ സാമ്യമുള്ള ഒരാളുമായി നീരജ് സിംഗ് എംഎൽഎമാരെ സംസാരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
ബിജെപി എംഎൽഎ വികാസ് കുംഭാരെ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായതെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്തിൽ പരിപാടി സംഘടിപ്പിക്കാൻ പണം ആവശ്യപ്പെട്ട് നീരജ് സിംഗ് റാത്തോഡ് നിരവധി തവണ എംഎൽഎയെ വിളിച്ചതായി വികാസ് കുംഭാരെയുടെ പിഎയുടെ രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്.
			











                