കൊച്ചി : പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ഇന്ത്യ നടത്തിയ ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ജീവന്‍ നഷ്ടപ്പെട്ട 22 പേരുടെ കുടുംബങ്ങളുടെ വേദനകള്‍ക്കും അനാഥത്വങ്ങള്‍ക്കും രാജ്യം മറുപടി നല്‍കുമ്പോള്‍ ഇതിലും കൃത്യമായൊരു പേര് വേറെയില്ലെന്നാണ് വരുന്ന പ്രതികരണങ്ങളിലേറെയും. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ചിരുന്നുവെന്നും തിരിച്ചടിക്കുമെന്ന് വിശ്വസിച്ചിരുന്നു അതിനായി പ്രാര്‍ത്ഥിച്ചിരുന്നുവെന്നും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകള്‍ ആരതി പറഞ്ഞു. പുരുഷന്മാരെ മാത്രമായിരുന്നു അവര്‍ കൊന്നുകളഞ്ഞത്. കൂടെയുള്ള സ്ത്രീകള്‍ അതെ ആഘാതത്തില്‍ തന്നെ ജീവിക്കണം എന്നായിരിക്കാം അവര്‍ ഉദ്ദേശിച്ചിട്ടുണ്ടാകുക. ഇന്ത്യന്‍ സ്ത്രീകളും കണ്ണീരൊഴുക്കി ആ നടുക്കത്തില്‍ ജീവിക്കില്ല. ഞങ്ങള്‍ക്കും മറുപടി ഉണ്ട്. ചോദിക്കാന്‍ ഇന്ത്യ ഉണ്ട്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നതിനേക്കാള്‍ വലിയൊരു പേര് ഈ തിരിച്ചടിക്ക് നിര്‍ദേശികാണില്ല. എന്റെ അമ്മയുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണിത് – ആരതി പറഞ്ഞു.